Wednesday, 3 April 2013

ആശുപത്രി വിശേഷം

 സ്ഥലം : മൂക്കൊലിപ്പുമായി വരുന്നവന്റെ  നട്ടെല്ലിന്റെ വരെ എക്സ്രെയും പിന്നെ പേര് മനസ്സിലാവാത്ത സായിപ്പന്‍ ഷോട്ട് കട്ടുകള്‍ ഉള്ള കുറെ സ്കാനിങ്ങും ഒക്കെ കൂടി നടത്തി അവസാനം   ബില്ല് കാണിച്ചു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കി ചില്ലിട്ടു വയ്ക്കുന്ന വിശ്വസ്ത സ്ഥാപനം എന്ന് പേരുദോഷം കൊണ്ട് പേരെടുത്ത നാട്ടിലെ  പ്രധാന ആശുപത്രി.

ചില്ലറ പനിയും തുമ്മലുമായൊക്കെ കുറച്ചു ദിവസം  സുഖവാസം അനുഷ്ട്ടിക്കേണ്ടി വന്നു എനിക്കും അവിടെ. പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല വന്നതല്ലേ രണ്ടു ദിവസം അവിടെ കിടത്തിയാല്‍ കൊള്ളാം എന്ന് അവര്‍ക്കൊരു തോന്നല്‍.. ഞാനും എതിരൊന്നും പറഞ്ഞില്ല ആഗ്രഹമല്ലേ.
പ്രത്യേകിച്ച് പണിയൊന്നും ചെയ്യണ്ട ആശുപത്രി വരാന്തയിലൂടെ തേരാ പാരാ നടക്കാം  കുണുങ്ങി കുണുങ്ങി വരുന്ന വെള്ളരി പ്രാവുകളോട് അല്‍പ്പം കുശലം(കിട്ടിയാ ഒരു ലോട്ടറി ) ഇതൊക്കെ ആയിരുന്നു എന്റെ മനസ്സിലെ പ്ലാനുകള്‍..

അങ്ങനെ കുത്തി വപ്പും ഞെക്കിനോക്കും വാ പൊളിക്കലും ഒക്കെ കഴിഞ്ഞുള്ള പിറ്റേന്ന് രാവിലെ ഞാന്‍ പരിപാടിയ്ക്കായി ഇറങ്ങി.  മുകള്‍ നിലയിലാണ് ആരോഗ്യാ പരിരക്ഷാ കാര്‍ഡിന്റെ ആനുകൂല്യത്തില്‍  അസുഖം അഭിനയിച്ചു സുഖവാസത്തിനു വന്നവരും കൂട്ടത്തില്‍ യഥാര്‍ത്ഥ രോഗികളും  ഒരുമയോടെ വാഴുന്ന വാര്‍ഡ്‌

അവിടെ ചെറിയൊരു ബഹളം തൂപ്പുകാരി ആണെന്ന് തോന്നുന്നു കുറെ അധികം വെള്ളരി പ്രാവുകള്‍ ഉള്ള ഏരിയാ ആയതുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു.

കാഴ്ചകള്‍ രസകരമാണ് വെള്ളം ഇറങ്ങാതെ ട്യൂബ് ഇട്ടു കിടക്കുന്നവന്റെ മുന്നിലിരുന്നു മട്ടന്‍ ബിരിയാണി തട്ടുന്നവന്‍, വലിച്ചു വലിച്ചു കണ്ണ് തള്ളി കിടക്കുന്നവന്റെ മുന്നിലിരുന്നു മൊബൈലില്‍ ഡാഡി മമ്മി കേള്‍ക്കുന്നവന്‍,അങ്ങനെ അങ്ങനെ.. രോഗി ആണെങ്കിലും അല്ലെങ്കിലും അധികൃതരുടെ ഭാഗത്ത്‌ നിന്നും വേണ്ട പരിഗണനകള്‍ ഒന്നും അവിടില്ല എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും.

ഞാന്‍ ഡ്യൂട്ടി റൂം എന്ന എന്റെ ലക്ഷ്യ സ്ഥാനം നോക്കി നടന്നു അവിടെ വഴക്ക് തകര്‍ക്കുന്നു

തൂപ്പുകാരി അമ്മച്ചി  : ങാ ഹാ ഇതൊക്കെ തൂപ്പുകാരിയുടെ പണിയാണെന്ന് വിചാരിച്ചോ ! വേണ്ടപ്പെട്ടവര്‍ ഒക്കെ ഇതിന് മാത്രം കാണത്തില്ലല്ല് എന്നെക്കൊണ്ട് പറ്റത്തില്ല

നേഴ്സ്  : അമ്മച്ചീ പ്ലീസ്‌ ഡോക്ടര്‍ ഇപ്പൊ രൌണ്ട്സിനു വരും എന്നെ നാറ്റിക്കല്ലേ .
                        (വാര്‍ഡിലെ മെയിന്‍ നേര്സ്‌ ആണ് )
വീണ്ടും അമ്മച്ചി : പറ്റില്ല എന്ന് പറഞ്ഞാല്‍ പറ്റില്ല ഇതൊക്കെ വേണേല്‍ നിങ്ങള് ചെയ്തോണം ഹും  ഇല്ലേല്‍ വീട്ടുകാരെ വിളി

കാര്യം അറിയാതെ ഞാന്‍ പൊട്ടന്‍ ആട്ടം കാണുന്ന പോലെ നിന്നാല്‍ ഒക്കുമോ നമ്മുടെ കുട്ടികളല്ലേ ഒന്ന് തിരക്കിയേക്കാം.

ഞാന്‍ : എന്താ സിസ്റ്റര്‍ സംഭവം എന്തെങ്കിലും പ്രശ്നം ഉണ്ടോ?  അറിഞ്ഞിട്ട് ഇപ്പൊ ഇയാള് പരിഹരിക്കുമോ എന്ന മട്ടില്‍ അവരെന്നെ ഒന്ന് നോക്കി. ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കുറച്ചു അപ്പുറത്ത് ഭിത്തിയിലേക്ക് കൈ ചൂണ്ടി

ഞാന്‍ ഒന്നും മനസ്സിലാവാതെ അങ്ങോട്ട്‌ ചെന്നു ഒരു പത്തടി വച്ച് കാണും  ഭിത്തിയിലെ മനോഹരമായ  ചിത്രപ്പണി കണ്ടു തൃപ്തനായി ഞാന്‍ തിരിച്ചു നടന്നു. പിന്നെ ആ പാവം പിടിച്ച അതുങ്ങളുടെ മുഖത്ത് നോക്കാന്‍ എനിക്ക് പറ്റിയില്ല ഇനി കാര്യത്തിന്റെ പൂര്‍ണ്ണരൂപം അറിഞ്ഞിട്ടേ ബാക്കി കാര്യം ഉള്ളൂ എന്ന് ഞാന്‍ അപ്പൊത്തന്നെ തീരുമാനിച്ചു .

ഡ്യൂട്ടി റൂമിന്റെ മുന്നിലെ കട്ടിലില്‍ കിടന്ന ഒരു മൊബൈലോഫീനിയയെ  ഞാന്‍ സോപ്പിട്ടു അവന്‍ സംഗതി പറഞ്ഞു തന്നു

 ഇന്ന് ഓപ്പറേഷന്‍ കഴിയേണ്ട രോഗികള്‍ മൂന്ന് പേരുണ്ട്  അതില്‍ ഒരു അമ്മാവനും. അമ്മാവന്റെ കൂടുള്ള സഹായി രാത്രി ഏതോ ആവശ്യമായി തിരിച്ചു പോയി  രാവിലെ എത്തുകയേയുള്ളൂ .
 ഓപ്പറേഷനുള്ള തയാറെടുപ്പിന്റെ ഭാഗമായി   നേഴ്സ് മാര്‍ വെളുപ്പിനെ നാല് മണിക്ക് തന്നെ  മൂന്നുപേരെയും വിളിച്ചു ഡ്യൂട്ടി റൂമിനോട് ചേര്‍ന്നുള്ള മറ്റൊരു റൂമില്‍ കയറ്റി . വയറു ശുദ്ധമാകാന്‍ (അതന്നെ എനിമാ ) തകര്‍ത്തു.

മൂന്ന് ടോയ് ലെറ്റ്‌ ആണ് ഉള്ളത്  കുറച്ചു ദൂരം ഉണ്ട് സ്ഥാനത്തേക്ക്  ആദ്യത്തെ രണ്ടുപേരും സംഗതി കിട്ടിയപ്പോഴേ ഒരു കയ്യെടുത്തു ലീക്കിംഗ് പോയന്റ് അടച്ചു കൊണ്ട് ഒറ്റ ഓട്ടം . അമ്മാവന് സംഗതി ക്ലിയര്‍ ആയി വന്നപ്പോഴേക്കും രണ്ടുപേരും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തി . അമ്മാവന്‍ ഏന്തി വലിഞ്ഞു ഒക്കെ അങ്ങ് എത്തിയപ്പോഴേക്കും. അവന്റെ വായി മണ്ണിടാന്‍ എന്ന് അമ്മാവന്റെ തന്നെ വാചകം കടമെടുത്തു പറയാം ഒരു വായിനോക്കി ബാക്കിയുള്ള  ഒന്നിലും കൂടി കേറി കതകടച്ചു കളഞ്ഞു ..

എനിമാ കൊടുത്ത സകല അവളുമാരുടെയും   വീട്ടുകാരെ മുഴുവന്‍  തുമ്മിച്ചു ഊപ്പാട് വരുത്തിയ  അമ്മാവന്‍ കേറി കതകടച്ച തെണ്ടിയെയും വെറുതെ വിട്ടില്ല പക്ഷെ അതുകൊണ്ട് എന്താ ഫലം എല്ലാ വഴികളും അടഞ്ഞു. തുറക്കാന്‍ വെമ്പി നിക്കുന്ന ഒരു വഴി മാത്രം  ലവന്‍ എങ്കിലും ഇങ്ങ് ഇറങ്ങണ്ടെ.അമ്മാവന്റെ മുട്ടിക്കരച്ചില്‍  കേട്ട് ഓടിവന്ന  സിസ്റ്റെര്മാര്‍ എന്ത് വേണം എന്നറിയാതെ തരിച്ചു നില്‍ക്കുന്നു.കൊടുത്തു പോയില്ലേ തിരിച്ചു വലിച്ചെടുക്കാന്‍ പറ്റുമോ ? ആകെ പ്രാന്തിളകിയ അവസ്ഥയില്‍ നില്‍ക്കുന്ന അമ്മാവന്‍ ..ഇനി എന്ത് !!!

കാര്യങ്ങള്‍ കൈവിട്ടു പോവുക തന്നെ ചെയ്തു .
പിന്നെ ഒന്നും നോക്കിയില്ല അമ്മാവന്‍ നല്ല വെള്ള ടയില്‍ ഒട്ടിച്ച ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന്  എറിഞ്ഞൊരു തൂറല്‍ .... എല്ലാം സെക്കണ്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു

ആരോട് പരാതി പറയണം എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്ന നേഴ്സ്മാര്‍.,
കിടക്കകള്‍ അധികവും കാലിയായി ഒരുവിധം എഴുന്നേറ്റു നില്ക്കാന്‍ ശേഷിയുള്ള ഒറ്റയെണ്ണത്തിന്റെയും പൊടിച്ച പൊടി പോലും കാണാനില്ല ..എല്ലാം കഴിഞ്ഞപ്പോള്‍ ഇറങ്ങി വന്ന ലവനെ ഒരു അപ്പിപ്രാക്ക് കൂടി പ്രാകി അമ്മാവന്‍ ഉള്ളില്‍ കയറി.

എന്തായാലും കഥ കേട്ട്  പുറത്തിറങ്ങി മതി ചിരിക്കുന്നത്  എന്ന് വിചാരിച്ചു ചിരി അമര്‍ത്തി ഇറങ്ങി നടന്ന എന്നെ  ആ തൂപ്പുകാരിയുടെ ഉച്ചത്തിലുള്ള ഒരു ആത്മഗതം അതിനനുവദിച്ചില്ല

കര്‍ത്താവേ...നിലത്തെങ്ങാനും ആരുന്നേല്‍ ഇച്ചിരി വെള്ളം ഒഴിച്ച് ഇതങ്ങു കളയാമാരുന്നു  ഇതിപ്പോ ഞാന്‍ ഏണി വച്ച് കേറി കഴുകാന്‍  പറ്റുമോ !!!