Thursday 16 January 2014

ലാലേട്ടന് (എന്റെ ഓര്‍മ്മകള്‍ )

ലാലേട്ടാ എനിക്കൊരു കടപ്പാടുണ്ട് ഇനിയെങ്കിലും അതൊന്ന് പറയണ്ടായോ !!?

ഈ ഗഥ നടക്കുന്നത് പണ്ട് പണ്ടാണ് പണ്ടെന്നു പറയുമ്പ അതത്ര പണ്ടൊന്നും അല്ല എനിക്ക് നാലോ അഞ്ചോ വയസ്സ് ഉള്ളപ്പോ!! 
പൊട്ടിപ്പണ്ടാരമടങ്ങി നിന്ന ഐ വി  ശശി അണ്ണന് ലാലേട്ടനെ വച്ചൊരു ബംബര്‍ ഹിറ്റ് കിട്ടി നടുവ് നൂക്കാന്‍ അവസരം കിട്ടിയ കാലം അതെ.. അത് തന്നെ

 മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് ദേവാസുരം  റിലീസ്‌ ആയ വര്‍ഷം:-)

 എന്നെപ്പോലെ തന്നെ കട്ട ലാലേട്ടന്‍ ഫാന്‍ ആയ വകയിലെ  ഒരു ചേട്ടന്‍ ഉണ്ടെനിക്ക് പേര് ബിനു ..നിബ്ബിളും കുപ്പി എന്റെ കയ്യീന്ന് പിടിച്ചു വാങ്ങിച്ചിട്ടെ ഉണ്ടാവൂ ..ആ പ്രായത്തില്‍ ലാലേട്ടന്‍ എന്ന മയക്കു മരുന്ന് എന്നില് കുത്തിവച്ചത് ആ ദേഹം ആയിരുന്നിരിക്കണം. 

ഏതോ തിയേറ്ററില്‍ പോയി ദേവാസുരം കണ്ടിട്ട് ലാലേട്ടന്റെ മീശപിരിപ്പും ഡയലോഗും എല്ലാം പറഞ്ഞും അഭിനയിച്ചും കാണിച്ച് എന്നെ എരികേറ്റി ഒടുക്കം ദേവാസുരം കാണാതെ ഇനി പച്ചവെള്ളം കുടിക്കില്ല എന്ന് വീട്ടില്‍ എന്നെക്കൊണ്ട് ശപഥം എടുപ്പിക്കുന്നിടം വരെയെത്തി കാര്യങ്ങള് ! 
ഒടുക്കം പെരുമ്പുഴ ദേവി എന്ന നമ്മടെ നാട്ടിലെ ഒരേയൊരു ഓലപ്പുര കൊട്ടകയില് പടം വരുമ്പ കാണിക്കാം  എന്നുള്ള അച്ഛന്റെ ഉറപ്പിന്മേല്‍ ഞാന്‍ പച്ചവെള്ളവും പാലും ഒക്കെ കുടിച്ചു എന്നാണ് ഐതിഹ്യം !!

അങ്ങനെ ആ സുദിനം വന്നെത്തി ഫസ്റ്റ് ഷോ കാണാന്‍ കുളിച്ച് നിക്കറും ഉടുപ്പും ഒക്കെയിട്ട് ഞാന്‍ അച്ഛന്റെ കൂടെ ചാടിതുള്ളി ഇറങ്ങി  ഞങ്ങള് രാത്രിയെ തിരിച്ച് എത്തൂ എന്നതുകൊണ്ട് അമ്മയെം അനിയനേം കൊണ്ട് അപ്പയുടെ വീട്ടില്‍ ചെന്നാക്കി ഞങ്ങള് തിയേറ്ററിലേക്ക്! ചെന്ന് കേറി നല്ല പൊരിപ്പന്‍ മഴേം തുടങ്ങി .

അതോണ്ടിപ്പ എന്താ? തിയേറ്ററില്‍ ഇരുന്ന്‍മഴയെ ആര് മൈന്‍ഡ്‌ ചെയ്യുന്ന്!!

പടം തീര്‍ന്നു! മഴേം ... തിരിച്ചു വരും വഴി  ലാലേട്ടന്റെ ഇടീം പൊടീമോക്കെ മനസ്സില് ഇങ്ങനെ തുള്ളിക്കളിക്കുമ്പഴാ ദേ വേറൊരു സന്തോഷവാര്‍ത്തയും ആയിട്ട് ഒരാള് ഓടിക്കിതച്ചു വരുന്നു.

 അച്ഛനോടാ ട്ടോ..  ''ദേ..മഴയത്ത് ങ്ങടെ വീടെല്ലാം കൂടെ ഇടിഞ്ഞു വീണു കിടക്കുന്നൂ !!''
 ശരിക്കും പറഞ്ഞാ എന്റെ കുഞ്ഞു മനസ്സില് ഒരായിരം ലഡ്ഡു അന്നോരുമിച്ചു പൊട്ടി :-)  
അല്ലെത്തന്നെ ആ ഓഞ്ഞ വീട് ആര്‍ക്കു വേണം!  മഴ പെയ്താ പാത്രം വച്ചിട്ട് ബാക്കി ഒള്ള സ്ഥലത്ത് കിടന്നോണം.. കട്ടില് ഒന്നൊള്ളത് രണ്ടു തടിക്കഷണം എടുത്തു നെടുകേം കുറുകേം വച്ചിട്ട് അതിലീ പൊത്താന്‍ വാരിയിടും ഹും !! ഇനി എങ്കിലും അച്ഛന്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലത്ത റ്റി വി ഒക്കെ ഉള്ള വീട് ഒരെണ്ണം വയ്ക്കുവാരിക്കും. അല്ലാപ്പോ വീട് വയ്ക്കുന്നിടം വരെ താമസിക്കണ്ടായോ !! ?

അച്ഛന്റെ കയ്യീപ്പിടിച്ചു വലിച്ചിട്ട് ..അച്ഛാ അച്ഛാ മ്മക്ക് വീട് വയ്ക്കുന്നിടം വരെ റ്റി വി ഒക്കെയുള്ള ഹോട്ടലില് താമസിക്കാം കേട്ടോ ?? (സിനിമെലോക്കെ വീട് വിട്ടാപ്പിന്നെ ഇങ്ങനുള്ള ഹോട്ടല്‍ റൂം ആണല്ല് എന്താ ഗെറ്റപ്പ് )
 ങേ അച്ഛന്‍ എന്തിനാപ്പോ എന്നേം എടുത്തോണ്ട് ഇങ്ങനെ ഓടുന്നെ !!

സത്യം പറയാമല്ല് സംഗതി ജോറാരുന്നുട്ടോ.. മണ്‍കട്ടേം പടോം മടക്കി ഒരു ഓലകൂമ്പാരോം തെങ്ങും തടീം ഒക്കെ  ധിങ്ങനെ കിടക്കുന്ന കാണാന്‍....  
അന്നെന്റെ സന്തോഷത്തിന് ഒരതിരും ഇല്ലാരുന്നു പുതിയ വീടും അതില്‍ താമസിക്കാന്‍ പോവുന്ന കാര്യവും മാത്രേ ഉള്ളൂ മനസ്സില്‍  പക്ഷെ അതിലും കഷ്ട്ടം പിടിച്ച ഒരു സ്ഥലത്ത് വേണം ഇനീം താമസിക്കാന്‍ എന്നെനിക്ക് അപ്പൊ അറിയില്ലാരുന്നല്ലോ  :-)

 വര്‍ഷങ്ങള്‍ക്കിപ്പുറം ആലോചിക്കുമ്പോ.. അന്ന് വാശിപിടിച്ചു ഞാന്‍ സിനിമ കാണാന്‍ പോയില്ലാരുന്നു എങ്കില്‍!!? അമ്മയേം അനിയനേം അവിടുന്ന് മാറ്റിയില്ലാരുന്നു എങ്കില്‍! !...

അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ നന്ദി ലാലേട്ടാ നന്ദി..

ആരാധിക്കാന്‍ ഇതൊരു  ഒരു കാരണം ആക്ക്യാ ആരേലും തല്ലാന്‍ വരുവോ !! ഇല്ലല്ല് ??? ;-)

No comments:

Post a Comment