Monday, 9 June 2014

എന്റെയും സ്കൂള്‍ ഓര്‍മ്മകള്‍ (ഹല്ല പിന്നെ )

എല്ലാവരും സ്കൂളിലെ ഓര്‍മ്മകളും കഥകളും ഒക്കെ പങ്കുവയ്ക്കുന്ന കണ്ടപ്പോ എന്റെ അന്തരാത്മാവിലും സ്മരണയുടെ കിളികള്‍ ചിറകടിച്ചു കലപില കൂട്ടുന്നത്‌ പോലെ ...കില് പില് കില് പില്  (നിങ്ങളും കേള്‍ക്കുന്നില്ലേ? )

പുത്തനുടുപ്പും പോപ്പിക്കുടയും ഷൂവും ടയ്യും ബാഗും ഒക്കെയായി!!! ..ഉവ്വ ഉവ്വവ്വ..

 നല്ല കവര്‍ ഒണ്ട് രാജാവിന്റെ പടമൊള്ള.. അതിലീ നമ്മടെ സ്വന്തം ലാലേട്ടന്റെ മാത്രം പടമൊള്ള കുറെ കുഞ്ഞി നോട്ട്ബുക്കുകളും  സ്കൂള്‍ കഞ്ഞീല്‍ ഇടാനായി ചിരകി പൊതിഞ്ഞു വച്ചിരിക്കുന്ന തേങ്ങയും ആയ്ട്ട് എന്റെ അഞ്ചാം ക്ലാസ്സിലെ ആദ്യ ദിനം.

നിറയെ ചെടികളും മുറ്റത്തിന്റെ ഒത്ത നടുക്ക് നെല്ലിമരവും ഒക്കെയുള്ള  എന്റെ സ്കൂള്‍!! !!!!ഹമ്പോ !!.. ഒരൊണങിയ ബദാമ്മരം ഒണ്ട് അതിലാകെ പിടിക്കുന്ന നാലു കായെറിഞിടാൻ ഞങടെ അഞ്ചു ബീ ടെ മൊത്തം ഓടും എറിഞു പൊട്ടിച്ചിട്ടുണ്ട്  മുന്നേ പാച്ചിട്ട് പോയ അവരാദികൾ ഒരെണ്ണം ബാക്കി വച്ചിട്ടില്ലാരുന്ന് :-(

ഇനി ക്ലാസ്സിലോട്ടു പോവ്വാം .. ഇവിടുത്തെ എല്ലാ തള്ളും പോലെ തന്നെ ഞാനും ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചില് തന്നെയാരുന്ന്‍ പക്ഷെ ഒരു വ്യത്യാസം ഞങ്ങടെ സ്കൂളില്‍ പഠിക്കുന്ന മിടുക്കമ്മാരെയല്ല ഫസ്റ്റ് ബഞ്ചില്‍ ഇരുത്തുന്നത് .കൂട്ടത്തില് പൊടിക്കുപ്പികളെയാ ;-)  പഠിക്കുന്നവമ്മാരും അവള്മാരും എല്ലാം നെടുംതോട്ടകളാണെങ്കി പൊറകി ഇരുന്ന്‍ ഞങ്ങ പൊടിക്കുപ്പികള് കാണിക്കുന്ന കുരുത്തക്കേട് സാറമ്മാര്‍ക്ക് കാണണ്ടായോ!!

രണ്ടു പാളി വാതില് ഒന്ന് അകത്തുന്ന്‍  കുറ്റിയിട്ടാ അകത്തേക്ക്‌ കേറാന്‍ പറ്റാതെ പുറത്ത്‌ നിന്ന്‍ തെറി വിളിക്കുന്ന.. സുന്ദരിയായ്ട്ടുണ്ടെന്നു പറഞ്ഞാ ജയിക്കാനുള്ള അരമാര്‍ക്ക് കനിഞ്ഞു നല്‍കുന്ന തടിച്ചിത്ത്രേസ്യാമ്മ ടീച്ചറും.
ക്ലാസിലിരുന്നു പല്ലിളിച്ചുന്നുമ്പറഞ്ഞ് ഒരു ഡസന്‍ അടി കണക്കായിട്ടു കൊണ്ട് നടക്കുന്ന പ്രസന്നകുമാരി ടീച്ചറും ആകെപ്പാടെയുള്ള ഒരാശ്വാസ ഡ്രില്‍ പീരീഡില്‍ ബാറ്റും ബോളും തരാതെ ചായ കുടിക്കാന്‍ പോവുന്ന തോമസ്സാറും ഒക്കെ ഞങക്കുമൊണ്ടാരുന്ന് ...

ഇനി കഥ 

കല്ലട ഒരു മൂപ്പിലാന്‍ ഉണ്ട് പേര് ഓര്‍മ്മേല്ല ശശിന്നു തന്നെ വിളിക്കാം എന്തേയ്.. വീടിനു വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്ന ശശിമൂപ്പിലാനെ പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക്‌ കണ്ണെടുത്താ കണ്ടൂട. കുളിക്കുകേല നനയ്ക്കുകേല അങ്ങനെ ഒത്തിരി പരാതികളാ . പക്ഷെ മൂപ്പില്‍സിനതൊന്നും പ്രശ്നമല്ല അങ്ങനിരിക്കെ ഒരു ദിവസം  മൂപ്പില്‍സിന്റെ ഭാര്യേം വീട്ടുകാരും മൂപ്പില്‍സ് അറിയാതെ പായസം വയ്ക്കാന്‍ പദ്ധതിയിട്ടു. .  അങ്ങനെ പായസം ഒരുവിധം റെഡി ആയി നല്ല മണം ഒക്കെ വന്നു തുടങ്ങി അപ്പൊ ദേണ്ടടാ വരുന്നൂ  മൂപ്പിലാന്‍ നേരത്തെ പണീം കഴിഞ്ഞ്!!  വന്നു കേറിയ പാടെ  മണം കിട്ടി ആള് നേരെ അടുക്കളയിക്ക് വച്ചടിച്ചു  എന്നിട്ടോ ഒരൊറ്റ ചോദ്യം
 എന്തുവാ പാത്രത്തി ? നല്ല മണമൊക്കെ വരുന്നുണ്ടല്ല്..  ?ഏയ്‌ ഒന്നൂല്ല കൊറച്ച് തുണി പുഴുങ്ങാനിട്ടതാ നിങ്ങള് പോ മനുഷ്യാ എന്ന്  പെണ്ണുമ്പിള്ള .
അത് കേട്ട് ഇത്തിരി വിഷമം ഉള്ളില്‍ ഉണ്ടായെങ്കിലും അതൊന്നും പുറത്ത്‌ കാട്ടാതെ അടുത്ത നടപടി ഉടന്‍ വന്നു.  

ആണോ? അത് നന്നായി  ഇതും ഒന്ന് അലക്കുവേം പുഴുങ്ങുവേം ഒക്കെ ചെയ്യണം എന്ന് കൊറച്ച് നാളായിട്ട് വിചാരിക്കുന്നൂന്നുമ്പറഞ്ഞ്  ഉടുത്തിരുന്ന കോണാനുരിഞ്ഞ് പായസച്ചെമ്പ് പൊക്കി അതിലേക്കിട്ട് തുടുപ്പ്‌ കൊണ്ടൊരു കുത്തും വച്ച് കൊടുത്ത്‌ മൂപ്പില്‍സ് .. എന്നിട്ട് മിഴുങ്ങസ്യ നിക്കുന്ന ഭാര്യേടെ മുന്നീക്കൂടെ സ്ലോ മോഷനില്‍ നടന്നത്രേ !!
അന്ന് മുതല്‍ ശശി മൂപ്പിലാന്‍ കോണാമ്പുഴുങ്ങി എന്ന പേരില്‍ പ്രശസ്തനായി ..


                                                                      (ശുഭം )

കഥയും സ്കൂളും ആയിട്ടെന്താ ബന്ധം ന്നല്ലേ.. ഞാന്‍ സ്കൂളി  പഠിക്കുമ്പ കേട്ട കഥയാ ഇപ്പ ബന്ധം വന്നില്ലേ !? നല്ല രക്ത ബന്ധം ..

എന്നാ ശശി ഛെ സോറി ശരി ഞാനങ്ങോട്ട്...