Monday, 20 October 2014

ദി ഫസ്റ്റ് ചമ്മല്‍

ചമ്മല്‍ സിറ്റുവേഷന്‍സ് ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെത് ഏതെന്നു വച്ചാ ...ഓര്‍മ്മയില്‍ നിക്കുന്ന ചമ്മല്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയാരുന്നു വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക്  12.30 ബെല്ലടിക്കുമല്ലോ.. അരമണിക്കൂര്‍ കൂടെ  തിമിര്‍ക്കാന്‍ കിട്ടുന്ന ദിവസം.  അങ്ങനൊരു തിമിര്‍പ്പ് ദിവസം എന്റൊരു കൂട്ടുകാരി കൊച്ചിന് കൊറച്ചു പഴേ ബാലരമ കൊടുക്കാം എന്ന് മുന്‍കൂട്ടി ഒരു വാക്കുകൊടുത്തിട്ടുള്ളത് കൊണ്ടും. അമ്മ അമ്മാമ വീട്ടില്‍ പോയിരിക്കും അതോണ്ട് വീട്ടില്‍ ആരും കാണില്ല  എന്ന് അറിയാവുന്നോണ്ട്  മൃഷ്ട്ടാനം ഇച്ചരെ പുളീം പഞ്ചസാരയും ഒക്കെ മോട്ടിച്ചു തിന്നാം എന്ന വളരേ നിഷ്കു ചിന്ത ഉള്ളതോണ്ടും. ഒരേ സ്കൂളില്‍ പഠിക്കുന്ന  ഞാനും എന്റെ അനിയനും അനിയന്റെ ക്ലാസ്‌മേറ്റ് ആയ അവള്‍ടെ അനിയനും കൂടി പെരുമ്പുഴ എം ജി യു പി എസ് എന്ന ഞങ്ങടെ ഗ്രേറ്റ്  വിദ്യാലയത്തിന്റെ പുറകിലെ മതില് ചാടി നേരെ വീട്ടിലേക്ക്‌ വച്ച് പിടിച്ചു..

കൂടെയുള്ള ഈ രണ്ട് അഥിതികളും ആദ്യായിട്ട് വീട്ടില്‍ വരുവാ അതിന്റെ ഒരു ത്രില്‍ ഒക്കെയുണ്ട്. നമ്മള് സ്കൂളിലെപ്പോലെ തന്നെ വീട്ടിലും മുറ്റ് പുലികളാണെന്ന് കാണിക്കണം! പഞ്ചാരേം പുളിമൊക്കെ ആവശ്യമ്പോലെ ടിന്നില് കാണും പോരാഞ്ഞ് അച്ഛമ്മ വീട്ടില്‍ ഉണ്ടാരുന്നപ്പോ അവര്‍ക്ക്‌ അപ്പച്ചി വാങ്ങിക്കൊടുത്ത ഹോര്‍ലിക്സിന്റെ ടിന്നവിടേലും കാണും നമ്മക്കത് വടിച്ചു നക്കാം  തുടങ്ങിയ വാഗ്ദാനംസും..  പിന്നെ നാട്ടിലും വീട്ടിലും നമ്മള് കാണിക്കാറുള്ള വീരസാഹസിക ചരിതങ്ങളും ഒക്കെ നല്ല ഫോഴ്സില് തള്ളുന്നുണ്ട്  ..ഒട്ടും മോശമല്ലാതെ തന്നെ സഹകരിക്കുന്നുണ്ടെന്റെ പുന്നാര അനിയനും.. അങനെ തള്ളിത്തള്ളി വീടെത്തി.

ചെന്നപ്പോ ദേ കതകിന്റെ മുകളിലത്തെ അരമുറി തുറന്ന് കിടക്കുന്ന് .!! ഇതാരാപ്പോ തുറന്നിടാന്‍ അമ്മ അടയ്ക്കാന്‍ മറന്നു പോയതാവോ ? ആ... അതൊന്നും  നമ്മക്ക് മൈന്‍ഡ്‌ അല്ല.. ഇപ്പ തുറന്നു കിടന്നാലെന്താ ദാ ഞങ്ങളിങ്ങനെ സ്റ്റൈലിലൊക്കെയാ കതകു തുറക്കുന്നതെന്നൊള്ള മട്ടില് എന്റെ പുന്നാര അനിയന്‍ അരക്കതവിനിട്ട് ഒരൊറ്റ തൊഴി ..!!

പഡോ.. എന്നൊരു ശബ്ദത്തോടെ  ദ്രവിച്ചിരുന്ന കതക്‌ ദേ തെറിച്ച് അകത്തോട്ട് ഒരൊറ്റ പോക്ക് ... കൂട്ടത്തില്‍ ആരാടാ മൈ !@#$%^&എന്നൊരു ഒച്ചയും !!!

( ഞങ്ങടെ നല്ല കാലത്തിന് അന്ന് ജോലിയില്ലാതെ മടങ്ങി വന്ന് അച്ഛന്‍ അകത്തു കിടന്നുറങ്ങുന്നുണ്ടാരുന്നു )
ഉറക്കപ്പിച്ചിലെ ദേഷ്യത്തില് പാഞ്ഞ് വന്ന് പൊളിഞ്ഞു കിടക്കുന്ന കതകിലേക്കും ചമ്മി വിറച്ചു നിക്കുന്ന രണ്ടരുമ സന്താനങ്ങളെയും ഒരു മിനിറ്റ് ഒന്നും മനസിലാവാതെ നോക്കി നിന്ന്..പിന്നെ പതിവ് പോലെ ഓലക്കീറിനെടെല് തപ്പിയപ്പഴേ ഞങ്ങ തയാറായി ...ആ നെലോളി ശബ്ദം ഇഡോ !!! വെടി.. പൊഹ ഠേ..ഠേ..ഠേ.... എങ്ങും കനത്ത നിശബ്ധത ...ഹാ എന്ത് സുഖം ... അടികൊണ്ട് ചുരുണ്ട് കട്ടിലിനടിയില്‍ കിടക്കുന്ന ഞങ്ങളെ നോക്കി വീണ്ടും അച്ഛന്റെ വാണിംഗ് ..ഇനീം വേണ്ടെങ്കില്‍ എഴീച്ച് പോടാ സ്കൂളില്‍.. ... കേട്ടപാതി കേള്‍ക്കാത്ത പാതി ചന്തീം തടവി ഒരൊറ്റ ഓട്ടം വച്ച് കൊടുത്ത്‌ ,,,

ഓട്ടത്തിനിടയിലാ ഓര്‍ത്തത്‌ എവിടെ നമ്മുടെ അതിഥികള്‍ !!! ഞങ്ങള്‍ക്കുള്ള സദ്യ അവിടെ നടക്കുമ്പോ അതിഥികള് രണ്ടും ജീവനും കയ്യീപ്പിടിച്ച് ഓടുകയായിരുന്നു സുഹൃത്തുക്കളേ...ഓടുകയായിരുന്നൂ.. പിന്നെ ഞങ്ങള്‍ക്കുള്ള പായസം ക്ലാസില്‍ റെഡിയാക്കാനും :-)