Thursday 22 October 2015

കേക്ക് സംഗമം അഥവാ പെരുമ്പുഴ കൂട്ടായ്മ

 വായിച്ചു തുടങ്ങും മുന്‍പ് : ആരെയും വ്യക്തിപരമായി ആക്ഷേപിക്കാനും മോശപ്പെടുത്താനും ഉദ്ദേശിച്ചുള്ളതല്ല ഈ കുഞ്ഞെഴുത്ത്‌. നമ്മുടെ കൂട്ടായ്മയിലെ കൊച്ചു കുസൃതികള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നു എന്നൊരു ലക്‌ഷ്യം മാത്രമേ ഇതിനുള്ളൂ. എല്ലാവരും അതേ മനസോടെ തന്നെ സ്വീകരിക്കും എന്ന് കരുതുന്നു ..നിങ്ങളുടെ പ്രിയപ്പെട്ട പപ്പന്‍ :-)


നാട്ടിലെ ചില്ലറ കലാപരമായ പ്രവര്‍ത്തനങ്ങളും ലാലേട്ടന്‍ ഫാന്‍സിന്റെ അസ്കിതയും ഒക്കെയായി  ഒക്കെയായി നാട്ടില്‍  പത്തിവിടര്‍ത്താതെ ചീറ്റികൊണ്ടിരുന്ന ഒരു ചെറിയ അണലിക്കുഞ്ഞ്. ജീവിതപ്രാരാബ്ധങ്ങളുടെ നടുച്ചുഴിയില്‍ പെട്ട് ഉഴറി അലയുമ്പോള്‍ (എല്ലാ പ്രവാസികള്‍ക്കും പ്രവാസം സ്വീകരിക്കാന്‍ ഉള്ള പ്രസിദ്ധമായ ആ കാരണം ).. ആ അങ്ങനെ പ്രവാസം സ്വീകരിക്കേണ്ടി വരികയും എന്നാലും താന്‍ നാട്ടില്‍ ചെയ്തു തീര്‍ക്കേണ്ട ഭാരിച്ച ഉത്തരവാദിത്വങ്ങളെ കുറിച്ച് സദാസമയവും ബോധവാനായി ..തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി... റിങ്ങ് ടോണും ഫിറ്റ് ചെയ്തു നടക്കുന്നിടത്താണ് നാട്ടില്‍ ഒരു ഓണ്‍ലൈന്‍  കൂട്ടായ്മ എന്ന ആശയം അണലിയുടെ തലയില്‍ നാട്ടിലെ പഴയ ഇലക്ട്രിക് പോസ്റ്റിലെ ട്യൂബ് പോലെ വെള്ളിടി മുഴക്കത്തോടെ തെളിയുന്നത്.

പിന്നെ ഒരു നെട്ടോട്ടമായിരുന്നു ഫേസ്‌ ബുക്ക്‌ പോസ്റ്റുകള്‍, മെസേജുകള്‍ , കോളുകള്‍ ... അങ്ങനെയാണ് തപ്പി പെറുക്കി പെരുമ്പുഴയുടെ നെടും തൂണുകള്‍ എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചില തൂണുകളെയും പെരുമ്പുഴ നൊസ്റ്റിയില്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന അതര്‍ പ്രവാസികളെയും  സംഘടിപ്പിച്ചു ഒരു ചെറിയ ഫേസ്‌ബുക്ക്‌ കൂട്ടായ്മയും പിന്നെ ഇത്തിരിക്കൂടി സൌകര്യത്തിനായി  ആണ്ട്രോയിട് ചുള്ളമ്മാരെ ചൂണ്ടയിട്ട് ഒരു വാട്ട്സ് ആപ്പ്‌ കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.!
 ടെക്ക്നിക്കലി ഈ ഫേസ്‌ബുക്കും വാട്ട്സ് ആപ്പും ഒക്കെ പഞ്ചാരയടിക്കാനാണ് ഉപയോഗിക്കുന്നത് എന്ന നഗ്നസത്യം അറിയാത്ത ചെല തിരുമണ്ടന്മാരൊഴികെ ബാക്കിയുള്ള ചുള്ളന്മാര്‍ മരുന്നിനു പോലും ഒരു സ്ത്രീ പ്രാധിനിധ്യം ഇല്ലാത്ത ഗ്രൂപ്പില്‍ ഇപ്പ വരും നാളെ വരും എന്നോര്‍ത്ത്‌ മെനക്കെട്ടു കാത്തിരുന്നതും  ...തീര്‍ന്നുപോയ എംബി കളെ ഓര്‍ത്ത്‌ അണലിയെ മനസാ പ്രാകിക്കൊണ്ട് ഇറങ്ങി ഓടിയതും.  പിന്നെ നാട് നന്നാക്കാനുള്ള അണലിയുടെ മുട്ടന്‍ മുട്ടന്‍ ഐഡിയകള്‍ കേട്ട് എന്ത് കുന്തമാണീ നടക്കുന്നതെന്നന്തം വിട്ടു ടൈപ്പാന്‍ വന്ന പച്ചത്തെറികളെ ബാക്ക് സ്പേസ്  കൊണ്ട് വിഴുങ്ങിക്കളഞ്ഞ അത്തപ്പാവികളെ അപ്പന് വിളിച്ചാല്‍ പോലും ആന്‍സര്‍ തരാത്തവര്‍ എന്ന വേറൊരു അക്കൌണ്ട് ഉണ്ടാക്കിതരാം എന്നും പറഞ്ഞ് അണലി തന്നെ പെറുക്കി ദൂരെ കളഞ്ഞതും വേറെ സംഗതി.

അങ്ങനെ  അംഗബലം കുറഞ്ഞതെങ്കിലും അംഗനമാരില്ലെങ്കിലും ചര്‍ച്ചകളിലൂടെ നാടും നാട്ടുകാരെയും നന്നാക്കി ഗ്രൂപ്പ്‌ അംഗങ്ങളും അഡ്മിനും സസുഖം വാണിടുന്ന കാലം ... ഇങ്ങനെ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചുമാത്രം നടന്നാല്‍ മതിയോ നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ എന്ന് ചര്‍ച്ചയ്ക്കിടയിലെ ഏമ്പക്കം പോലെ ഇടയ്ക്കിടെ  ആരൊക്കെയോ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങിയത് ഒടുക്കം ഗ്രൂപ്പ്  മേമ്പെര്‍സിന്റെ രാജ്യ സ്നേഹം ഉണര്‍ത്തി ...എന്നാപ്പിന്നെ ഗ്യാസിന് ജെലൂസ്ലിന്‍ വാങ്ങി കൊടുത്തിട്ട് തന്നെ കാര്യം ...അല്ല സോറി നാടിനു നല്ലത് ചെയ്തിട്ട് തന്നെ കാര്യം !

പിന്നെയും ചര്‍ച്ചകളായി.. കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കിടയില് നിന്നും ഇങ്ങനെ കീ ബോര്‍ഡ്‌ വിപ്ലവം തീര്‍ക്കുന്നതിനേക്കാള്‍  നമുക്കൊരാല്‍മരചോട്ടിലിരുന്ന് ആടിനെ മേയ്ക്കുന്നത് പോലെ ചര്‍ച്ച ചെയ്യുന്നതല്ലേ നല്ലത് എന്നായി ഒരു ഗ്രൂപ്പ്‌ മെമ്പര്‍.. എങ്കില് പിന്നെ അങ്ങനെ തന്നെ നാട്ടിലിപ്പോ ആലൊന്നും ഇല്ലെന്നും ഉള്ള ആലോക്കെ നാട്ടിലെ രാഷ്ട്രീയക്കാരുടെ മൂട്ടില് തന്നെ കിളിര്‍ക്കാന്‍ ടൈം ഇല്ലാത്തോണ്ട് നാണിച്ചിരിപ്പാണെന്നും  അതോണ്ട് നല്ലൊരു കോണ്‍ക്രീറ്റ് തണലിന് താഴെ നമുക്ക് കൂടാമെന്നും അഡ്മിന്‍ അണലിയെ പറഞ്ഞു വിശ്വസിപ്പിച്ച് നാട്ടിലെ ചില മെമ്പര്‍മാര് ആശയം അവതരിപ്പിച്ചു .
സംഗതി കളി കാര്യമാവുന്ന മട്ടായപ്പോ ശെടാ ഇതെന്തൊരെടപാട് മൊബൈലി കുത്താനുള്ളത് അതില് പോരായോ?  ഇനി കണ്ടു മുട്ടുമ്പോ ടൈപ്പി വിട്ട വിപ്ലവത്തിന്റെ പേരില് പിരിവു ചോദിക്കാന്‍ ഇവമ്മാര് സാധ്യതയില്ലേ  എന്നൊക്കെ മുന്‍കൂട്ടി കണ്ട ചില വില്ലാളിവീരമ്മാര് അന്ന് മുതല്‍ ഒൺലി മെസേജ് റീഡേർസ് എന്ന പദവിയിലേക്ക് സ്വയം സ്ഥാനക്കയറ്റം നൽകി ഉഷാറായി.
കാര്യങടെ പോക്കിങനെയാണെങ്കിൽ ഗ്രൂപ്പിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാം എന്നൊരു ഉൾവിളി അഡ്മിൻ അണലിയ്ക്കുണ്ടായ പ്രകാരം ശുഷ്കാന്തി നശിച്ച ഗ്രൂപ്പിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കാലാകാലങളായി നമ്മുടെ നേതാക്കന്മാരു കളിച്ചു കൊണ്ടിരുന്ന അതേ കളി തന്നെ പുറത്തെടുക്കാൻ അണലി തീരുമാനിച്ചു.

അങ്ങനെ ഫോണ്‍  എടുത്ത് വാട്ട്സാപ്പിന്റെ പച്ച ഐക്കണിൽ വിരലു കൊണ്ടൊന്നു തലോടി ആ ഓഫർ അഡ്മിന്‍ അണലി മുന്നോട്ട് വച്ചു.. ഗ്രൂപ്പ് മെമ്പേർസ് ഒത്ത് ചേരുന്ന ശുഭമുഹൂർത്തത്തിൽ നിങൾക്കായി എന്റെ വക ഒരു കേക്ക്...! വെറും കേക്കല്ല ഒരു രണ്ട് രണ്ടരക്കിലോ വരുന്ന ലക്ഷണമൊത്ത ഒരു സുന്ദരന്‍ കേക്ക് .!!!
ഡെലിവറിയായ മേസേജില് കണ്ണും നട്ട് ഒരു കുറുവാ എങ്കിലും കൊത്തണെ എന്ന മനോഭാവത്തോടെ ഇരുന്ന അണലിയെ ഞെട്ടിച്ചു കൊണ്ട് പണ്ട് ഫെവിക്യൂക്കിന്റെ പരസ്യത്തില് പശ തേച്ചവന് മീന്‍ കിട്ടിയ പോലെ മെസേജുകള്‍ തുരുതുരാ വന്നു തുടങ്ങി.. വാട്ട്സ് ആപ്പ്‌ സര്‍വര്‍ ഒരുവേള ബ്ലോക്ക്‌ ആയി നിന്ന് പോവുമോ എന്ന് പോലും ശങ്കയുണ്ടായിപ്പോയി പലര്‍ക്കും.. മെസേജ് റീഡേർസ് തങ്ങളുടെ സ്ഥാനക്കയറ്റം വേണ്ടെന്നു വച്ച് ജനങ്ങളുടെ ഇടയിലെക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ ത്വരയോടെ കുതിച്ചെത്തി ....
ചര്‍ച്ചകള്‍ പുനരാരംഭിച്ചു.. കേക്കിന്റെ നിറം മുതല്‍ മണം വരെ ഉയരം മുതല്‍ വീതി വരെ അങ്ങനെ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഒടുക്കം പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കൊണ്ട് കണ്‍വീനര്‍ സ്ഥാനത്തെയ്ക്ക് നാട്ടിലെ അറിയപ്പെടുന്ന ഒരു രാജ്യസ്നേഹി തന്നെ തിരഞ്ഞെടുക്കപ്പെട്ടു .

പുള്ളിയുടെ വീക്ഷണ കോണകത്തില്‍ കൊക്കോ പുഴു പെറ്റ് കിടക്കുന്നതാണോ എന്ന് സംശയം ജനിപ്പിക്കത്തക്ക തരത്തിലായിരുന്നു കേക്കിനെ പറ്റിയുള്ള ..ക്ഷമിക്കണം ഒത്തുചേരലിനെ പറ്റിയുള്ള അഭിപ്രായം. ആളു കൂടിയാല്‍ പാമ്പ് ചാകില്ല എന്നും ചര്‍ച്ച ആകെ അലമ്പാവും എന്നൊക്കെയുള്ള ആശങ്കകള്‍.. അധികം ആരെയും അറിയിക്കാതെ രഹസ്യമായി ഈ മീറ്റ്‌ എങ്ങനെ നടത്താം എന്നതിനെ പറ്റിയുള്ള  ആധികാരികമായ ചില പ്രബന്ധങ്ങള്‍ മുതലായവയൊക്കെ  കണ്‍വീനര്‍ സാര്‍ മത്സരിച്ചവതരിപ്പിച്ചു  . വയറ്റില്‍ പെറ്റ് കിടന്നു വിശപ്പ്‌ കൂട്ടാതെ ഈ കൊക്കോപുഴു കൂട്ടങ്ങളെ നേരെ തലയിലോട്ടെത്തിച്ച് അവിടെ ബുദ്ധി കൂട്ടാന്‍ ദൈവത്തിന് തോന്നിയിരുന്നങ്കില്‍.. വര്‍ഷങ്ങളായി സപ്ലി എഴുതി എഴുതി തേഞ്ഞ കൈയും കൊണ്ട് വര്‍ത്തമാനത്തിലെയും ഫ്യൂച്ചറിലെയും വെറുതെയിരിക്കുന്ന സുന്ദരനിമിഷങ്ങള്‍ ഓര്‍ത്ത്‌ താനിങ്ങനെ കത്തിച്ചു വിട്ട മംഗളയാനത്തെ നോക്കി കിടക്കേണ്ടി വരില്ലല്ലോ എന്നതും വസ്തുത.

എന്തായാലും പ്രതീക്ഷിച്ചപോലെ ദിവസം വന്നു ചേര്‍ന്നു ..ആലവട്ടവും അമ്പാരിയും മേളവാദ്യഘോഷങ്ങളും ..(ഒക്കെ ഇഷ്ടം പോലെ മൊബൈല്‍ വീഡിയോസ്.. യൂട്യൂബില്‍ കിട്ടും ) ഒക്കെയായി നേരത്തെ തീരുമാനിച്ച അജണ്ടപ്രകാരം അഡ്മിന്‍ അണലി പ്രവാസ ലോകത്തിരുന്നു നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മ.

എല്ലാ  ചര്‍ച്ചയിലുമെന്നപോലെ സ്മരണയില്‍ ഉള്ള സഹൃദയര്‍ക്ക് വേണ്ടിയുള്ള മൌനപ്രാര്‍ത്ഥന : ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായി പാര വച്ചുകൊണ്ടും കൌണ്ടര്‍ അടിച്ചുകൊണ്ടും നടന്ന ഏക മൌനപ്രാര്‍ത്ഥന എന്ന റിക്കോര്‍ഡ്‌ പെരുമ്പുഴയുടെ തന്നെ തങ്കലിപികളില്‍ (ഇപ്പ വിലയിച്ചരെ കൊറവല്ലേ തങ്കം തന്നെ ആയ്ക്കോട്ടെ ) രേഖപ്പെടുത്തേണ്ട ഒന്നായിരിക്കും.
തുടര്‍ നടപടികള്‍ കണ്‍വീനറിന്റെ നിര്‍ദേശപ്രകാരം അധികം ആളുകള്‍ എത്തുന്നതിനു മുന്നേ കേക്ക് കട്ട് ചെയ്തു ഉദ്ഘാടനം ചെയ്ത ശേഷം മതി എന്നും അതല്ല എങ്കില്‍ ഇപ്പോള്‍ തന്നെ വന്ന മുഴുവന്‍ മെമ്പേര്‍സിനെയും  പിരിച്ചു വിട്ടു കൂട്ടായ്മ അസാധുവായി പ്രഖ്യാപിച്ചു കളയും എന്നുമുള്ള ഭീഷണിയുടെ പിന്‍ബലത്തില്‍ തലമൂത്ത മറ്റൊരു പെരുമ്പുഴ പ്രവാസി കേക്ക് കട്ട് ചെയ്യലും ആദ്യഘട്ട വിതരണവും നടത്തി പിന്‍വാങ്ങി.

ശേഷം  ഡല്‍ഹി ബലാല്‍സംഗത്തെ പറ്റിയുള്ള ന്യൂസ് ടി വി യില്‍ കാണുന്ന നിസംഗതയോടെ നോക്കി നില്‍ക്കുന്നതാവും ഉചിതമെന്ന്  ഈ പാവം പപ്പന് തോന്നിയത് അക്ഷരംപ്രതി ശരി വയ്ക്കുന്ന തരത്തിലായിരുന്നു  കേക്കും തിന്ന് ഷോഡയും കുടിച്ച് ഏമ്പക്കവും വിട്ടു കൂട്ടായ്മ അവസാനിപ്പിച്ച മെമ്പേര്‍സിനെയും ..അധികം വന്നു എന്ന പേരില്‍ കായികബലം ഒന്ന് കൊണ്ട് മാത്രം കരസ്ഥമാക്കി കക്ഷത്തില്‍ പൊതിഞ്ഞു വച്ച കേക്കിന്‍ പീസുകളെയുമായി പോകുന്ന കണ്‍വീനര്‍ സാറിനെയും കണ്ട നിമിഷം. :-)




Saturday 1 August 2015

കോപ്പിയടി

പത്താം ക്ലാസിലെ ഓണപ്പരീക്ഷ നടക്കുന്ന സമയത്താണു എന്റെ മറക്കാനാവാത്ത കോപ്പിയടി കഥ നടക്കുന്നത് :-)

സാധാരണ അറിയാവുന്നതെഴുതി വച്ചിറങിപ്പോവും എന്നല്ലാതെ വല്യ കോപ്പിയടീസൊന്നും നടത്താറില്ലായിരുന്നു.. അറിയാഞിട്ടല്ല മെനക്കെടാൻ വയ്യ അത്ര തന്നെ..
ആ അങനെ ഓണപ്പരീക്ഷയ്ക്ക് ബയോളജി എക്സാം നടക്കുന്ന്. പത്ത് ഒമ്പത് എട്ട് എന്നീ ക്ലാസുകൾ മിക്സ് ചെയ്താണു ഇരുത്തുന്നത് എട്ടിൽ അതേ സ്കൂളിൽ പഠിക്കുന്ന മ്മട അനിയനുമുണ്ട് ഹാളിൽ :-)

എക്സാം റ്റൈം അവസാനിച്ചു . കുറേ ടീമുകൾ ചടിപിടീന്ന് പേപ്പറും കൊടുത്ത് പുറത്തേക്ക്.ഇനി ഒരു പത്ത് മിനുറ്റ് എക്സ്ട്ട്രാ റ്റൈം കിട്ടൂല്ലോ ഞാനാണേ ആ ലാസ്റ്റ് ചോദ്യം കണ്ണിന്റെ സംഭവം വരച്ച് ഭാഗങൾ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാ പടമൊക്കെ തകർത്ത് പക്ഷേ ഇതിന്റൊക്കെ പേരും ഇതെവിടാന്നും ഒക്കെ ആർക്കറിയാം ..ങാ ഇനീപ്പം വരച്ചേന്റെ ഒന്നര മാർക്ക് മതീ ബാക്കി മൂന്നര ഗോവിന്ദാന്ന് വച്ച് പേപ്പറു മടക്കാൻ തുടങുമ്പോഴാ. ജനലിന്റെ ഭാഗത്തൂന്നൊരു വിളി ...ഡേയ് ജിത്തണ്ണാ കണ്ണിന്റെ പടം വേണോന്ന്... (പുറത്തിറങിയ യെവൻ നോക്കീപ്പോ പല ഹാളുകളിലും കണ്ണിന്റെ പടം പാസിങ് നടക്കുന്നുണ്ട് ഇരിക്കട്ടെ ഒരെണ്ണം എന്ന് വച്ച് ലവൻ എന്റെ ക്ലാസിലെ ഒരുത്തനോട് ഗുണ്ടായിസം കളിച്ച് വാങീതാണു ) ഇങോട്ടെറിഞാലെനിക്ക് കിട്ടില്ല കാണീരു കാണീരെന്ന് ഞാൻ ആംഗ്യം കാണിച്ചതും ആളു ജനലിന്റെ സൈഡിൽ അതും നിവർത്തി നിൽപ്പായി. സംഭവം എല്ലാം ഏകദേശം ഓക്കെ ആയപ്പോഴാണു ലവന്റെ ചെവിക്കൊരു പിടി വീണത്.. ഈശ്വരാ മാത്തൻ പണിക്കർ ..ഹെഡ്മാസ്റ്റർ !! കൊള്ളാലോടാ നീ ആർക്കാടാ തുണ്ട് കാണിക്കുന്നെന്നൊരൊറ്റ അലർച്ചേം രണ്ടൂന്ന് സാറമ്മാരും പിള്ളാരും അങ് കൂടി.ഞാൻ ഹാളിലിരുന്ന് ആലില പോലെ വിറയ്ക്കുന്ന്. ഒരു കൂസലുമില്ലാതെ ലവനെന്റെ നേരെ വിരലു ചൂണ്ടി.. ചേട്ടനാ സാറേ.. !

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ. കയ്യിൽ കിട്ടിയവനെ നിരപരാധി ആണെങ്കിൽ കൂടെ പൊട്ടിക്കാത വിടാത്ത സാധനമാണു എന്നിട്ട് ആ പൊയ്ക്കോടാ എന്ന് ! മാത്തൻ പണിക്കർ സാറിന്ന് വരെ ചിരിക്കുന്നത് സ്കൂളിലാരും കണ്ടിട്ട് പോലും ഇല്ല.ഒടുവിൽ അതിനും ഞങളു സാക്ഷികളായി :-)

*വെറുതേ ഒരോര്‍മ്മ അത്രേള്ളൂ