Thursday, 22 October 2015

കേക്ക് സംഗമം അഥവാ പെരുമ്പുഴ കൂട്ടായ്മ

 വായിച്ചു തുടങ്ങും മുന്‍പ് : ആരെയും വ്യക്തിപരമായി ആക്ഷേപിക്കാനും മോശപ്പെടുത്താനും ഉദ്ദേശിച്ചുള്ളതല്ല ഈ കുഞ്ഞെഴുത്ത്‌. നമ്മുടെ കൂട്ടായ്മയിലെ കൊച്ചു കുസൃതികള്‍ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്നു എന്നൊരു ലക്‌ഷ്യം മാത്രമേ ഇതിനുള്ളൂ. എല്ലാവരും അതേ മനസോടെ തന്നെ സ്വീകരിക്കും എന്ന് കരുതുന്നു ..നിങ്ങളുടെ പ്രിയപ്പെട്ട പപ്പന്‍ :-)


നാട്ടിലെ ചില്ലറ കലാപരമായ പ്രവര്‍ത്തനങ്ങളും ലാലേട്ടന്‍ ഫാന്‍സിന്റെ അസ്കിതയും ഒക്കെയായി  ഒക്കെയായി നാട്ടില്‍  പത്തിവിടര്‍ത്താതെ ചീറ്റികൊണ്ടിരുന്ന ഒരു ചെറിയ അണലിക്കുഞ്ഞ്. ജീവിതപ്രാരാബ്ധങ്ങളുടെ നടുച്ചുഴിയില്‍ പെട്ട് ഉഴറി അലയുമ്പോള്‍ (എല്ലാ പ്രവാസികള്‍ക്കും പ്രവാസം സ്വീകരിക്കാന്‍ ഉള്ള പ്രസിദ്ധമായ ആ കാരണം ).. ആ അങ്ങനെ പ്രവാസം സ്വീകരിക്കേണ്ടി വരികയും എന്നാലും താന്‍ നാട്ടില്‍ ചെയ്തു തീര്‍ക്കേണ്ട ഭാരിച്ച ഉത്തരവാദിത്വങ്ങളെ കുറിച്ച് സദാസമയവും ബോധവാനായി ..തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി... റിങ്ങ് ടോണും ഫിറ്റ് ചെയ്തു നടക്കുന്നിടത്താണ് നാട്ടില്‍ ഒരു ഓണ്‍ലൈന്‍  കൂട്ടായ്മ എന്ന ആശയം അണലിയുടെ തലയില്‍ നാട്ടിലെ പഴയ ഇലക്ട്രിക് പോസ്റ്റിലെ ട്യൂബ് പോലെ വെള്ളിടി മുഴക്കത്തോടെ തെളിയുന്നത്.

പിന്നെ ഒരു നെട്ടോട്ടമായിരുന്നു ഫേസ്‌ ബുക്ക്‌ പോസ്റ്റുകള്‍, മെസേജുകള്‍ , കോളുകള്‍ ... അങ്ങനെയാണ് തപ്പി പെറുക്കി പെരുമ്പുഴയുടെ നെടും തൂണുകള്‍ എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന ചില തൂണുകളെയും പെരുമ്പുഴ നൊസ്റ്റിയില്‍ ചൂണ്ടയിട്ടു കൊണ്ടിരുന്ന അതര്‍ പ്രവാസികളെയും  സംഘടിപ്പിച്ചു ഒരു ചെറിയ ഫേസ്‌ബുക്ക്‌ കൂട്ടായ്മയും പിന്നെ ഇത്തിരിക്കൂടി സൌകര്യത്തിനായി  ആണ്ട്രോയിട് ചുള്ളമ്മാരെ ചൂണ്ടയിട്ട് ഒരു വാട്ട്സ് ആപ്പ്‌ കൂട്ടായ്മയും സംഘടിപ്പിക്കുന്നത്.!
 ടെക്ക്നിക്കലി ഈ ഫേസ്‌ബുക്കും വാട്ട്സ് ആപ്പും ഒക്കെ പഞ്ചാരയടിക്കാനാണ് ഉപയോഗിക്കുന്നത് എന്ന നഗ്നസത്യം അറിയാത്ത ചെല തിരുമണ്ടന്മാരൊഴികെ ബാക്കിയുള്ള ചുള്ളന്മാര്‍ മരുന്നിനു പോലും ഒരു സ്ത്രീ പ്രാധിനിധ്യം ഇല്ലാത്ത ഗ്രൂപ്പില്‍ ഇപ്പ വരും നാളെ വരും എന്നോര്‍ത്ത്‌ മെനക്കെട്ടു കാത്തിരുന്നതും  ...തീര്‍ന്നുപോയ എംബി കളെ ഓര്‍ത്ത്‌ അണലിയെ മനസാ പ്രാകിക്കൊണ്ട് ഇറങ്ങി ഓടിയതും.  പിന്നെ നാട് നന്നാക്കാനുള്ള അണലിയുടെ മുട്ടന്‍ മുട്ടന്‍ ഐഡിയകള്‍ കേട്ട് എന്ത് കുന്തമാണീ നടക്കുന്നതെന്നന്തം വിട്ടു ടൈപ്പാന്‍ വന്ന പച്ചത്തെറികളെ ബാക്ക് സ്പേസ്  കൊണ്ട് വിഴുങ്ങിക്കളഞ്ഞ അത്തപ്പാവികളെ അപ്പന് വിളിച്ചാല്‍ പോലും ആന്‍സര്‍ തരാത്തവര്‍ എന്ന വേറൊരു അക്കൌണ്ട് ഉണ്ടാക്കിതരാം എന്നും പറഞ്ഞ് അണലി തന്നെ പെറുക്കി ദൂരെ കളഞ്ഞതും വേറെ സംഗതി.

അങ്ങനെ  അംഗബലം കുറഞ്ഞതെങ്കിലും അംഗനമാരില്ലെങ്കിലും ചര്‍ച്ചകളിലൂടെ നാടും നാട്ടുകാരെയും നന്നാക്കി ഗ്രൂപ്പ്‌ അംഗങ്ങളും അഡ്മിനും സസുഖം വാണിടുന്ന കാലം ... ഇങ്ങനെ ചര്‍ച്ചിച്ചു ചര്‍ച്ചിച്ചുമാത്രം നടന്നാല്‍ മതിയോ നാടിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യണ്ടേ എന്ന് ചര്‍ച്ചയ്ക്കിടയിലെ ഏമ്പക്കം പോലെ ഇടയ്ക്കിടെ  ആരൊക്കെയോ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങിയത് ഒടുക്കം ഗ്രൂപ്പ്  മേമ്പെര്‍സിന്റെ രാജ്യ സ്നേഹം ഉണര്‍ത്തി ...എന്നാപ്പിന്നെ ഗ്യാസിന് ജെലൂസ്ലിന്‍ വാങ്ങി കൊടുത്തിട്ട് തന്നെ കാര്യം ...അല്ല സോറി നാടിനു നല്ലത് ചെയ്തിട്ട് തന്നെ കാര്യം !

പിന്നെയും ചര്‍ച്ചകളായി.. കൊടുമ്പിരിക്കൊണ്ട ചര്‍ച്ചകള്‍ക്കിടയില് നിന്നും ഇങ്ങനെ കീ ബോര്‍ഡ്‌ വിപ്ലവം തീര്‍ക്കുന്നതിനേക്കാള്‍  നമുക്കൊരാല്‍മരചോട്ടിലിരുന്ന് ആടിനെ മേയ്ക്കുന്നത് പോലെ ചര്‍ച്ച ചെയ്യുന്നതല്ലേ നല്ലത് എന്നായി ഒരു ഗ്രൂപ്പ്‌ മെമ്പര്‍.. എങ്കില് പിന്നെ അങ്ങനെ തന്നെ നാട്ടിലിപ്പോ ആലൊന്നും ഇല്ലെന്നും ഉള്ള ആലോക്കെ നാട്ടിലെ രാഷ്ട്രീയക്കാരുടെ മൂട്ടില് തന്നെ കിളിര്‍ക്കാന്‍ ടൈം ഇല്ലാത്തോണ്ട് നാണിച്ചിരിപ്പാണെന്നും  അതോണ്ട് നല്ലൊരു കോണ്‍ക്രീറ്റ് തണലിന് താഴെ നമുക്ക് കൂടാമെന്നും അഡ്മിന്‍ അണലിയെ പറഞ്ഞു വിശ്വസിപ്പിച്ച് നാട്ടിലെ ചില മെമ്പര്‍മാര് ആശയം അവതരിപ്പിച്ചു .
സംഗതി കളി കാര്യമാവുന്ന മട്ടായപ്പോ ശെടാ ഇതെന്തൊരെടപാട് മൊബൈലി കുത്താനുള്ളത് അതില് പോരായോ?  ഇനി കണ്ടു മുട്ടുമ്പോ ടൈപ്പി വിട്ട വിപ്ലവത്തിന്റെ പേരില് പിരിവു ചോദിക്കാന്‍ ഇവമ്മാര് സാധ്യതയില്ലേ  എന്നൊക്കെ മുന്‍കൂട്ടി കണ്ട ചില വില്ലാളിവീരമ്മാര് അന്ന് മുതല്‍ ഒൺലി മെസേജ് റീഡേർസ് എന്ന പദവിയിലേക്ക് സ്വയം സ്ഥാനക്കയറ്റം നൽകി ഉഷാറായി.
കാര്യങടെ പോക്കിങനെയാണെങ്കിൽ ഗ്രൂപ്പിന്റെ ഭാവിയെ തന്നെ ബാധിച്ചേക്കാം എന്നൊരു ഉൾവിളി അഡ്മിൻ അണലിയ്ക്കുണ്ടായ പ്രകാരം ശുഷ്കാന്തി നശിച്ച ഗ്രൂപ്പിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ കാലാകാലങളായി നമ്മുടെ നേതാക്കന്മാരു കളിച്ചു കൊണ്ടിരുന്ന അതേ കളി തന്നെ പുറത്തെടുക്കാൻ അണലി തീരുമാനിച്ചു.

അങ്ങനെ ഫോണ്‍  എടുത്ത് വാട്ട്സാപ്പിന്റെ പച്ച ഐക്കണിൽ വിരലു കൊണ്ടൊന്നു തലോടി ആ ഓഫർ അഡ്മിന്‍ അണലി മുന്നോട്ട് വച്ചു.. ഗ്രൂപ്പ് മെമ്പേർസ് ഒത്ത് ചേരുന്ന ശുഭമുഹൂർത്തത്തിൽ നിങൾക്കായി എന്റെ വക ഒരു കേക്ക്...! വെറും കേക്കല്ല ഒരു രണ്ട് രണ്ടരക്കിലോ വരുന്ന ലക്ഷണമൊത്ത ഒരു സുന്ദരന്‍ കേക്ക് .!!!
ഡെലിവറിയായ മേസേജില് കണ്ണും നട്ട് ഒരു കുറുവാ എങ്കിലും കൊത്തണെ എന്ന മനോഭാവത്തോടെ ഇരുന്ന അണലിയെ ഞെട്ടിച്ചു കൊണ്ട് പണ്ട് ഫെവിക്യൂക്കിന്റെ പരസ്യത്തില് പശ തേച്ചവന് മീന്‍ കിട്ടിയ പോലെ മെസേജുകള്‍ തുരുതുരാ വന്നു തുടങ്ങി.. വാട്ട്സ് ആപ്പ്‌ സര്‍വര്‍ ഒരുവേള ബ്ലോക്ക്‌ ആയി നിന്ന് പോവുമോ എന്ന് പോലും ശങ്കയുണ്ടായിപ്പോയി പലര്‍ക്കും.. മെസേജ് റീഡേർസ് തങ്ങളുടെ സ്ഥാനക്കയറ്റം വേണ്ടെന്നു വച്ച് ജനങ്ങളുടെ ഇടയിലെക്കിറങ്ങി പ്രവര്‍ത്തിക്കാന്‍ ത്വരയോടെ കുതിച്ചെത്തി ....
ചര്‍ച്ചകള്‍ പുനരാരംഭിച്ചു.. കേക്കിന്റെ നിറം മുതല്‍ മണം വരെ ഉയരം മുതല്‍ വീതി വരെ അങ്ങനെ വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ ഒടുക്കം പരിപാടിയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ കൊണ്ട് കണ്‍വീനര്‍ സ്ഥാനത്തെയ്ക്ക് നാട്ടിലെ അറിയപ്പെടുന്ന ഒരു രാജ്യസ്നേഹി തന്നെ തിരഞ്ഞെടുക്കപ്പെട്ടു .

പുള്ളിയുടെ വീക്ഷണ കോണകത്തില്‍ കൊക്കോ പുഴു പെറ്റ് കിടക്കുന്നതാണോ എന്ന് സംശയം ജനിപ്പിക്കത്തക്ക തരത്തിലായിരുന്നു കേക്കിനെ പറ്റിയുള്ള ..ക്ഷമിക്കണം ഒത്തുചേരലിനെ പറ്റിയുള്ള അഭിപ്രായം. ആളു കൂടിയാല്‍ പാമ്പ് ചാകില്ല എന്നും ചര്‍ച്ച ആകെ അലമ്പാവും എന്നൊക്കെയുള്ള ആശങ്കകള്‍.. അധികം ആരെയും അറിയിക്കാതെ രഹസ്യമായി ഈ മീറ്റ്‌ എങ്ങനെ നടത്താം എന്നതിനെ പറ്റിയുള്ള  ആധികാരികമായ ചില പ്രബന്ധങ്ങള്‍ മുതലായവയൊക്കെ  കണ്‍വീനര്‍ സാര്‍ മത്സരിച്ചവതരിപ്പിച്ചു  . വയറ്റില്‍ പെറ്റ് കിടന്നു വിശപ്പ്‌ കൂട്ടാതെ ഈ കൊക്കോപുഴു കൂട്ടങ്ങളെ നേരെ തലയിലോട്ടെത്തിച്ച് അവിടെ ബുദ്ധി കൂട്ടാന്‍ ദൈവത്തിന് തോന്നിയിരുന്നങ്കില്‍.. വര്‍ഷങ്ങളായി സപ്ലി എഴുതി എഴുതി തേഞ്ഞ കൈയും കൊണ്ട് വര്‍ത്തമാനത്തിലെയും ഫ്യൂച്ചറിലെയും വെറുതെയിരിക്കുന്ന സുന്ദരനിമിഷങ്ങള്‍ ഓര്‍ത്ത്‌ താനിങ്ങനെ കത്തിച്ചു വിട്ട മംഗളയാനത്തെ നോക്കി കിടക്കേണ്ടി വരില്ലല്ലോ എന്നതും വസ്തുത.

എന്തായാലും പ്രതീക്ഷിച്ചപോലെ ദിവസം വന്നു ചേര്‍ന്നു ..ആലവട്ടവും അമ്പാരിയും മേളവാദ്യഘോഷങ്ങളും ..(ഒക്കെ ഇഷ്ടം പോലെ മൊബൈല്‍ വീഡിയോസ്.. യൂട്യൂബില്‍ കിട്ടും ) ഒക്കെയായി നേരത്തെ തീരുമാനിച്ച അജണ്ടപ്രകാരം അഡ്മിന്‍ അണലി പ്രവാസ ലോകത്തിരുന്നു നിയന്ത്രിക്കുന്ന ഓണ്‍ലൈന്‍ കൂട്ടായ്മ.

എല്ലാ  ചര്‍ച്ചയിലുമെന്നപോലെ സ്മരണയില്‍ ഉള്ള സഹൃദയര്‍ക്ക് വേണ്ടിയുള്ള മൌനപ്രാര്‍ത്ഥന : ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായി പാര വച്ചുകൊണ്ടും കൌണ്ടര്‍ അടിച്ചുകൊണ്ടും നടന്ന ഏക മൌനപ്രാര്‍ത്ഥന എന്ന റിക്കോര്‍ഡ്‌ പെരുമ്പുഴയുടെ തന്നെ തങ്കലിപികളില്‍ (ഇപ്പ വിലയിച്ചരെ കൊറവല്ലേ തങ്കം തന്നെ ആയ്ക്കോട്ടെ ) രേഖപ്പെടുത്തേണ്ട ഒന്നായിരിക്കും.
തുടര്‍ നടപടികള്‍ കണ്‍വീനറിന്റെ നിര്‍ദേശപ്രകാരം അധികം ആളുകള്‍ എത്തുന്നതിനു മുന്നേ കേക്ക് കട്ട് ചെയ്തു ഉദ്ഘാടനം ചെയ്ത ശേഷം മതി എന്നും അതല്ല എങ്കില്‍ ഇപ്പോള്‍ തന്നെ വന്ന മുഴുവന്‍ മെമ്പേര്‍സിനെയും  പിരിച്ചു വിട്ടു കൂട്ടായ്മ അസാധുവായി പ്രഖ്യാപിച്ചു കളയും എന്നുമുള്ള ഭീഷണിയുടെ പിന്‍ബലത്തില്‍ തലമൂത്ത മറ്റൊരു പെരുമ്പുഴ പ്രവാസി കേക്ക് കട്ട് ചെയ്യലും ആദ്യഘട്ട വിതരണവും നടത്തി പിന്‍വാങ്ങി.

ശേഷം  ഡല്‍ഹി ബലാല്‍സംഗത്തെ പറ്റിയുള്ള ന്യൂസ് ടി വി യില്‍ കാണുന്ന നിസംഗതയോടെ നോക്കി നില്‍ക്കുന്നതാവും ഉചിതമെന്ന്  ഈ പാവം പപ്പന് തോന്നിയത് അക്ഷരംപ്രതി ശരി വയ്ക്കുന്ന തരത്തിലായിരുന്നു  കേക്കും തിന്ന് ഷോഡയും കുടിച്ച് ഏമ്പക്കവും വിട്ടു കൂട്ടായ്മ അവസാനിപ്പിച്ച മെമ്പേര്‍സിനെയും ..അധികം വന്നു എന്ന പേരില്‍ കായികബലം ഒന്ന് കൊണ്ട് മാത്രം കരസ്ഥമാക്കി കക്ഷത്തില്‍ പൊതിഞ്ഞു വച്ച കേക്കിന്‍ പീസുകളെയുമായി പോകുന്ന കണ്‍വീനര്‍ സാറിനെയും കണ്ട നിമിഷം. :-)
Saturday, 1 August 2015

കോപ്പിയടി

പത്താം ക്ലാസിലെ ഓണപ്പരീക്ഷ നടക്കുന്ന സമയത്താണു എന്റെ മറക്കാനാവാത്ത കോപ്പിയടി കഥ നടക്കുന്നത് :-)

സാധാരണ അറിയാവുന്നതെഴുതി വച്ചിറങിപ്പോവും എന്നല്ലാതെ വല്യ കോപ്പിയടീസൊന്നും നടത്താറില്ലായിരുന്നു.. അറിയാഞിട്ടല്ല മെനക്കെടാൻ വയ്യ അത്ര തന്നെ..
ആ അങനെ ഓണപ്പരീക്ഷയ്ക്ക് ബയോളജി എക്സാം നടക്കുന്ന്. പത്ത് ഒമ്പത് എട്ട് എന്നീ ക്ലാസുകൾ മിക്സ് ചെയ്താണു ഇരുത്തുന്നത് എട്ടിൽ അതേ സ്കൂളിൽ പഠിക്കുന്ന മ്മട അനിയനുമുണ്ട് ഹാളിൽ :-)

എക്സാം റ്റൈം അവസാനിച്ചു . കുറേ ടീമുകൾ ചടിപിടീന്ന് പേപ്പറും കൊടുത്ത് പുറത്തേക്ക്.ഇനി ഒരു പത്ത് മിനുറ്റ് എക്സ്ട്ട്രാ റ്റൈം കിട്ടൂല്ലോ ഞാനാണേ ആ ലാസ്റ്റ് ചോദ്യം കണ്ണിന്റെ സംഭവം വരച്ച് ഭാഗങൾ അടയാളപ്പെടുത്താനുള്ള ശ്രമത്തിലാ പടമൊക്കെ തകർത്ത് പക്ഷേ ഇതിന്റൊക്കെ പേരും ഇതെവിടാന്നും ഒക്കെ ആർക്കറിയാം ..ങാ ഇനീപ്പം വരച്ചേന്റെ ഒന്നര മാർക്ക് മതീ ബാക്കി മൂന്നര ഗോവിന്ദാന്ന് വച്ച് പേപ്പറു മടക്കാൻ തുടങുമ്പോഴാ. ജനലിന്റെ ഭാഗത്തൂന്നൊരു വിളി ...ഡേയ് ജിത്തണ്ണാ കണ്ണിന്റെ പടം വേണോന്ന്... (പുറത്തിറങിയ യെവൻ നോക്കീപ്പോ പല ഹാളുകളിലും കണ്ണിന്റെ പടം പാസിങ് നടക്കുന്നുണ്ട് ഇരിക്കട്ടെ ഒരെണ്ണം എന്ന് വച്ച് ലവൻ എന്റെ ക്ലാസിലെ ഒരുത്തനോട് ഗുണ്ടായിസം കളിച്ച് വാങീതാണു ) ഇങോട്ടെറിഞാലെനിക്ക് കിട്ടില്ല കാണീരു കാണീരെന്ന് ഞാൻ ആംഗ്യം കാണിച്ചതും ആളു ജനലിന്റെ സൈഡിൽ അതും നിവർത്തി നിൽപ്പായി. സംഭവം എല്ലാം ഏകദേശം ഓക്കെ ആയപ്പോഴാണു ലവന്റെ ചെവിക്കൊരു പിടി വീണത്.. ഈശ്വരാ മാത്തൻ പണിക്കർ ..ഹെഡ്മാസ്റ്റർ !! കൊള്ളാലോടാ നീ ആർക്കാടാ തുണ്ട് കാണിക്കുന്നെന്നൊരൊറ്റ അലർച്ചേം രണ്ടൂന്ന് സാറമ്മാരും പിള്ളാരും അങ് കൂടി.ഞാൻ ഹാളിലിരുന്ന് ആലില പോലെ വിറയ്ക്കുന്ന്. ഒരു കൂസലുമില്ലാതെ ലവനെന്റെ നേരെ വിരലു ചൂണ്ടി.. ചേട്ടനാ സാറേ.. !

ഒരു കൂട്ടച്ചിരിയായിരുന്നു പിന്നെ. കയ്യിൽ കിട്ടിയവനെ നിരപരാധി ആണെങ്കിൽ കൂടെ പൊട്ടിക്കാത വിടാത്ത സാധനമാണു എന്നിട്ട് ആ പൊയ്ക്കോടാ എന്ന് ! മാത്തൻ പണിക്കർ സാറിന്ന് വരെ ചിരിക്കുന്നത് സ്കൂളിലാരും കണ്ടിട്ട് പോലും ഇല്ല.ഒടുവിൽ അതിനും ഞങളു സാക്ഷികളായി :-)

*വെറുതേ ഒരോര്‍മ്മ അത്രേള്ളൂ

Monday, 20 October 2014

ദി ഫസ്റ്റ് ചമ്മല്‍

ചമ്മല്‍ സിറ്റുവേഷന്‍സ് ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെത് ഏതെന്നു വച്ചാ ...ഓര്‍മ്മയില്‍ നിക്കുന്ന ചമ്മല്‍ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു.

അന്നൊരു വെള്ളിയാഴ്ചയാരുന്നു വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക്  12.30 ബെല്ലടിക്കുമല്ലോ.. അരമണിക്കൂര്‍ കൂടെ  തിമിര്‍ക്കാന്‍ കിട്ടുന്ന ദിവസം.  അങ്ങനൊരു തിമിര്‍പ്പ് ദിവസം എന്റൊരു കൂട്ടുകാരി കൊച്ചിന് കൊറച്ചു പഴേ ബാലരമ കൊടുക്കാം എന്ന് മുന്‍കൂട്ടി ഒരു വാക്കുകൊടുത്തിട്ടുള്ളത് കൊണ്ടും. അമ്മ അമ്മാമ വീട്ടില്‍ പോയിരിക്കും അതോണ്ട് വീട്ടില്‍ ആരും കാണില്ല  എന്ന് അറിയാവുന്നോണ്ട്  മൃഷ്ട്ടാനം ഇച്ചരെ പുളീം പഞ്ചസാരയും ഒക്കെ മോട്ടിച്ചു തിന്നാം എന്ന വളരേ നിഷ്കു ചിന്ത ഉള്ളതോണ്ടും. ഒരേ സ്കൂളില്‍ പഠിക്കുന്ന  ഞാനും എന്റെ അനിയനും അനിയന്റെ ക്ലാസ്‌മേറ്റ് ആയ അവള്‍ടെ അനിയനും കൂടി പെരുമ്പുഴ എം ജി യു പി എസ് എന്ന ഞങ്ങടെ ഗ്രേറ്റ്  വിദ്യാലയത്തിന്റെ പുറകിലെ മതില് ചാടി നേരെ വീട്ടിലേക്ക്‌ വച്ച് പിടിച്ചു..

കൂടെയുള്ള ഈ രണ്ട് അഥിതികളും ആദ്യായിട്ട് വീട്ടില്‍ വരുവാ അതിന്റെ ഒരു ത്രില്‍ ഒക്കെയുണ്ട്. നമ്മള് സ്കൂളിലെപ്പോലെ തന്നെ വീട്ടിലും മുറ്റ് പുലികളാണെന്ന് കാണിക്കണം! പഞ്ചാരേം പുളിമൊക്കെ ആവശ്യമ്പോലെ ടിന്നില് കാണും പോരാഞ്ഞ് അച്ഛമ്മ വീട്ടില്‍ ഉണ്ടാരുന്നപ്പോ അവര്‍ക്ക്‌ അപ്പച്ചി വാങ്ങിക്കൊടുത്ത ഹോര്‍ലിക്സിന്റെ ടിന്നവിടേലും കാണും നമ്മക്കത് വടിച്ചു നക്കാം  തുടങ്ങിയ വാഗ്ദാനംസും..  പിന്നെ നാട്ടിലും വീട്ടിലും നമ്മള് കാണിക്കാറുള്ള വീരസാഹസിക ചരിതങ്ങളും ഒക്കെ നല്ല ഫോഴ്സില് തള്ളുന്നുണ്ട്  ..ഒട്ടും മോശമല്ലാതെ തന്നെ സഹകരിക്കുന്നുണ്ടെന്റെ പുന്നാര അനിയനും.. അങനെ തള്ളിത്തള്ളി വീടെത്തി.

ചെന്നപ്പോ ദേ കതകിന്റെ മുകളിലത്തെ അരമുറി തുറന്ന് കിടക്കുന്ന് .!! ഇതാരാപ്പോ തുറന്നിടാന്‍ അമ്മ അടയ്ക്കാന്‍ മറന്നു പോയതാവോ ? ആ... അതൊന്നും  നമ്മക്ക് മൈന്‍ഡ്‌ അല്ല.. ഇപ്പ തുറന്നു കിടന്നാലെന്താ ദാ ഞങ്ങളിങ്ങനെ സ്റ്റൈലിലൊക്കെയാ കതകു തുറക്കുന്നതെന്നൊള്ള മട്ടില് എന്റെ പുന്നാര അനിയന്‍ അരക്കതവിനിട്ട് ഒരൊറ്റ തൊഴി ..!!

പഡോ.. എന്നൊരു ശബ്ദത്തോടെ  ദ്രവിച്ചിരുന്ന കതക്‌ ദേ തെറിച്ച് അകത്തോട്ട് ഒരൊറ്റ പോക്ക് ... കൂട്ടത്തില്‍ ആരാടാ മൈ !@#$%^&എന്നൊരു ഒച്ചയും !!!

( ഞങ്ങടെ നല്ല കാലത്തിന് അന്ന് ജോലിയില്ലാതെ മടങ്ങി വന്ന് അച്ഛന്‍ അകത്തു കിടന്നുറങ്ങുന്നുണ്ടാരുന്നു )
ഉറക്കപ്പിച്ചിലെ ദേഷ്യത്തില് പാഞ്ഞ് വന്ന് പൊളിഞ്ഞു കിടക്കുന്ന കതകിലേക്കും ചമ്മി വിറച്ചു നിക്കുന്ന രണ്ടരുമ സന്താനങ്ങളെയും ഒരു മിനിറ്റ് ഒന്നും മനസിലാവാതെ നോക്കി നിന്ന്..പിന്നെ പതിവ് പോലെ ഓലക്കീറിനെടെല് തപ്പിയപ്പഴേ ഞങ്ങ തയാറായി ...ആ നെലോളി ശബ്ദം ഇഡോ !!! വെടി.. പൊഹ ഠേ..ഠേ..ഠേ.... എങ്ങും കനത്ത നിശബ്ധത ...ഹാ എന്ത് സുഖം ... അടികൊണ്ട് ചുരുണ്ട് കട്ടിലിനടിയില്‍ കിടക്കുന്ന ഞങ്ങളെ നോക്കി വീണ്ടും അച്ഛന്റെ വാണിംഗ് ..ഇനീം വേണ്ടെങ്കില്‍ എഴീച്ച് പോടാ സ്കൂളില്‍.. ... കേട്ടപാതി കേള്‍ക്കാത്ത പാതി ചന്തീം തടവി ഒരൊറ്റ ഓട്ടം വച്ച് കൊടുത്ത്‌ ,,,

ഓട്ടത്തിനിടയിലാ ഓര്‍ത്തത്‌ എവിടെ നമ്മുടെ അതിഥികള്‍ !!! ഞങ്ങള്‍ക്കുള്ള സദ്യ അവിടെ നടക്കുമ്പോ അതിഥികള് രണ്ടും ജീവനും കയ്യീപ്പിടിച്ച് ഓടുകയായിരുന്നു സുഹൃത്തുക്കളേ...ഓടുകയായിരുന്നൂ.. പിന്നെ ഞങ്ങള്‍ക്കുള്ള പായസം ക്ലാസില്‍ റെഡിയാക്കാനും :-)

Monday, 9 June 2014

എന്റെയും സ്കൂള്‍ ഓര്‍മ്മകള്‍ (ഹല്ല പിന്നെ )

എല്ലാവരും സ്കൂളിലെ ഓര്‍മ്മകളും കഥകളും ഒക്കെ പങ്കുവയ്ക്കുന്ന കണ്ടപ്പോ എന്റെ അന്തരാത്മാവിലും സ്മരണയുടെ കിളികള്‍ ചിറകടിച്ചു കലപില കൂട്ടുന്നത്‌ പോലെ ...കില് പില് കില് പില്  (നിങ്ങളും കേള്‍ക്കുന്നില്ലേ? )

പുത്തനുടുപ്പും പോപ്പിക്കുടയും ഷൂവും ടയ്യും ബാഗും ഒക്കെയായി!!! ..ഉവ്വ ഉവ്വവ്വ..

 നല്ല കവര്‍ ഒണ്ട് രാജാവിന്റെ പടമൊള്ള.. അതിലീ നമ്മടെ സ്വന്തം ലാലേട്ടന്റെ മാത്രം പടമൊള്ള കുറെ കുഞ്ഞി നോട്ട്ബുക്കുകളും  സ്കൂള്‍ കഞ്ഞീല്‍ ഇടാനായി ചിരകി പൊതിഞ്ഞു വച്ചിരിക്കുന്ന തേങ്ങയും ആയ്ട്ട് എന്റെ അഞ്ചാം ക്ലാസ്സിലെ ആദ്യ ദിനം.

നിറയെ ചെടികളും മുറ്റത്തിന്റെ ഒത്ത നടുക്ക് നെല്ലിമരവും ഒക്കെയുള്ള  എന്റെ സ്കൂള്‍!! !!!!ഹമ്പോ !!.. ഒരൊണങിയ ബദാമ്മരം ഒണ്ട് അതിലാകെ പിടിക്കുന്ന നാലു കായെറിഞിടാൻ ഞങടെ അഞ്ചു ബീ ടെ മൊത്തം ഓടും എറിഞു പൊട്ടിച്ചിട്ടുണ്ട്  മുന്നേ പാച്ചിട്ട് പോയ അവരാദികൾ ഒരെണ്ണം ബാക്കി വച്ചിട്ടില്ലാരുന്ന് :-(

ഇനി ക്ലാസ്സിലോട്ടു പോവ്വാം .. ഇവിടുത്തെ എല്ലാ തള്ളും പോലെ തന്നെ ഞാനും ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചില് തന്നെയാരുന്ന്‍ പക്ഷെ ഒരു വ്യത്യാസം ഞങ്ങടെ സ്കൂളില്‍ പഠിക്കുന്ന മിടുക്കമ്മാരെയല്ല ഫസ്റ്റ് ബഞ്ചില്‍ ഇരുത്തുന്നത് .കൂട്ടത്തില് പൊടിക്കുപ്പികളെയാ ;-)  പഠിക്കുന്നവമ്മാരും അവള്മാരും എല്ലാം നെടുംതോട്ടകളാണെങ്കി പൊറകി ഇരുന്ന്‍ ഞങ്ങ പൊടിക്കുപ്പികള് കാണിക്കുന്ന കുരുത്തക്കേട് സാറമ്മാര്‍ക്ക് കാണണ്ടായോ!!

രണ്ടു പാളി വാതില് ഒന്ന് അകത്തുന്ന്‍  കുറ്റിയിട്ടാ അകത്തേക്ക്‌ കേറാന്‍ പറ്റാതെ പുറത്ത്‌ നിന്ന്‍ തെറി വിളിക്കുന്ന.. സുന്ദരിയായ്ട്ടുണ്ടെന്നു പറഞ്ഞാ ജയിക്കാനുള്ള അരമാര്‍ക്ക് കനിഞ്ഞു നല്‍കുന്ന തടിച്ചിത്ത്രേസ്യാമ്മ ടീച്ചറും.
ക്ലാസിലിരുന്നു പല്ലിളിച്ചുന്നുമ്പറഞ്ഞ് ഒരു ഡസന്‍ അടി കണക്കായിട്ടു കൊണ്ട് നടക്കുന്ന പ്രസന്നകുമാരി ടീച്ചറും ആകെപ്പാടെയുള്ള ഒരാശ്വാസ ഡ്രില്‍ പീരീഡില്‍ ബാറ്റും ബോളും തരാതെ ചായ കുടിക്കാന്‍ പോവുന്ന തോമസ്സാറും ഒക്കെ ഞങക്കുമൊണ്ടാരുന്ന് ...

ഇനി കഥ 

കല്ലട ഒരു മൂപ്പിലാന്‍ ഉണ്ട് പേര് ഓര്‍മ്മേല്ല ശശിന്നു തന്നെ വിളിക്കാം എന്തേയ്.. വീടിനു വേണ്ടി ഒത്തിരി കഷ്ട്ടപ്പെടുന്ന ശശിമൂപ്പിലാനെ പക്ഷെ സ്വന്തം വീട്ടുകാര്‍ക്ക്‌ കണ്ണെടുത്താ കണ്ടൂട. കുളിക്കുകേല നനയ്ക്കുകേല അങ്ങനെ ഒത്തിരി പരാതികളാ . പക്ഷെ മൂപ്പില്‍സിനതൊന്നും പ്രശ്നമല്ല അങ്ങനിരിക്കെ ഒരു ദിവസം  മൂപ്പില്‍സിന്റെ ഭാര്യേം വീട്ടുകാരും മൂപ്പില്‍സ് അറിയാതെ പായസം വയ്ക്കാന്‍ പദ്ധതിയിട്ടു. .  അങ്ങനെ പായസം ഒരുവിധം റെഡി ആയി നല്ല മണം ഒക്കെ വന്നു തുടങ്ങി അപ്പൊ ദേണ്ടടാ വരുന്നൂ  മൂപ്പിലാന്‍ നേരത്തെ പണീം കഴിഞ്ഞ്!!  വന്നു കേറിയ പാടെ  മണം കിട്ടി ആള് നേരെ അടുക്കളയിക്ക് വച്ചടിച്ചു  എന്നിട്ടോ ഒരൊറ്റ ചോദ്യം
 എന്തുവാ പാത്രത്തി ? നല്ല മണമൊക്കെ വരുന്നുണ്ടല്ല്..  ?ഏയ്‌ ഒന്നൂല്ല കൊറച്ച് തുണി പുഴുങ്ങാനിട്ടതാ നിങ്ങള് പോ മനുഷ്യാ എന്ന്  പെണ്ണുമ്പിള്ള .
അത് കേട്ട് ഇത്തിരി വിഷമം ഉള്ളില്‍ ഉണ്ടായെങ്കിലും അതൊന്നും പുറത്ത്‌ കാട്ടാതെ അടുത്ത നടപടി ഉടന്‍ വന്നു.  

ആണോ? അത് നന്നായി  ഇതും ഒന്ന് അലക്കുവേം പുഴുങ്ങുവേം ഒക്കെ ചെയ്യണം എന്ന് കൊറച്ച് നാളായിട്ട് വിചാരിക്കുന്നൂന്നുമ്പറഞ്ഞ്  ഉടുത്തിരുന്ന കോണാനുരിഞ്ഞ് പായസച്ചെമ്പ് പൊക്കി അതിലേക്കിട്ട് തുടുപ്പ്‌ കൊണ്ടൊരു കുത്തും വച്ച് കൊടുത്ത്‌ മൂപ്പില്‍സ് .. എന്നിട്ട് മിഴുങ്ങസ്യ നിക്കുന്ന ഭാര്യേടെ മുന്നീക്കൂടെ സ്ലോ മോഷനില്‍ നടന്നത്രേ !!
അന്ന് മുതല്‍ ശശി മൂപ്പിലാന്‍ കോണാമ്പുഴുങ്ങി എന്ന പേരില്‍ പ്രശസ്തനായി ..


                                                                      (ശുഭം )

കഥയും സ്കൂളും ആയിട്ടെന്താ ബന്ധം ന്നല്ലേ.. ഞാന്‍ സ്കൂളി  പഠിക്കുമ്പ കേട്ട കഥയാ ഇപ്പ ബന്ധം വന്നില്ലേ !? നല്ല രക്ത ബന്ധം ..

എന്നാ ശശി ഛെ സോറി ശരി ഞാനങ്ങോട്ട്...

Thursday, 16 January 2014

ലാലേട്ടന് (എന്റെ ഓര്‍മ്മകള്‍ )

ലാലേട്ടാ എനിക്കൊരു കടപ്പാടുണ്ട് ഇനിയെങ്കിലും അതൊന്ന് പറയണ്ടായോ !!?

ഈ ഗഥ നടക്കുന്നത് പണ്ട് പണ്ടാണ് പണ്ടെന്നു പറയുമ്പ അതത്ര പണ്ടൊന്നും അല്ല എനിക്ക് നാലോ അഞ്ചോ വയസ്സ് ഉള്ളപ്പോ!! 
പൊട്ടിപ്പണ്ടാരമടങ്ങി നിന്ന ഐ വി  ശശി അണ്ണന് ലാലേട്ടനെ വച്ചൊരു ബംബര്‍ ഹിറ്റ് കിട്ടി നടുവ് നൂക്കാന്‍ അവസരം കിട്ടിയ കാലം അതെ.. അത് തന്നെ

 മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്ന് ദേവാസുരം  റിലീസ്‌ ആയ വര്‍ഷം:-)

 എന്നെപ്പോലെ തന്നെ കട്ട ലാലേട്ടന്‍ ഫാന്‍ ആയ വകയിലെ  ഒരു ചേട്ടന്‍ ഉണ്ടെനിക്ക് പേര് ബിനു ..നിബ്ബിളും കുപ്പി എന്റെ കയ്യീന്ന് പിടിച്ചു വാങ്ങിച്ചിട്ടെ ഉണ്ടാവൂ ..ആ പ്രായത്തില്‍ ലാലേട്ടന്‍ എന്ന മയക്കു മരുന്ന് എന്നില് കുത്തിവച്ചത് ആ ദേഹം ആയിരുന്നിരിക്കണം. 

ഏതോ തിയേറ്ററില്‍ പോയി ദേവാസുരം കണ്ടിട്ട് ലാലേട്ടന്റെ മീശപിരിപ്പും ഡയലോഗും എല്ലാം പറഞ്ഞും അഭിനയിച്ചും കാണിച്ച് എന്നെ എരികേറ്റി ഒടുക്കം ദേവാസുരം കാണാതെ ഇനി പച്ചവെള്ളം കുടിക്കില്ല എന്ന് വീട്ടില്‍ എന്നെക്കൊണ്ട് ശപഥം എടുപ്പിക്കുന്നിടം വരെയെത്തി കാര്യങ്ങള് ! 
ഒടുക്കം പെരുമ്പുഴ ദേവി എന്ന നമ്മടെ നാട്ടിലെ ഒരേയൊരു ഓലപ്പുര കൊട്ടകയില് പടം വരുമ്പ കാണിക്കാം  എന്നുള്ള അച്ഛന്റെ ഉറപ്പിന്മേല്‍ ഞാന്‍ പച്ചവെള്ളവും പാലും ഒക്കെ കുടിച്ചു എന്നാണ് ഐതിഹ്യം !!

അങ്ങനെ ആ സുദിനം വന്നെത്തി ഫസ്റ്റ് ഷോ കാണാന്‍ കുളിച്ച് നിക്കറും ഉടുപ്പും ഒക്കെയിട്ട് ഞാന്‍ അച്ഛന്റെ കൂടെ ചാടിതുള്ളി ഇറങ്ങി  ഞങ്ങള് രാത്രിയെ തിരിച്ച് എത്തൂ എന്നതുകൊണ്ട് അമ്മയെം അനിയനേം കൊണ്ട് അപ്പയുടെ വീട്ടില്‍ ചെന്നാക്കി ഞങ്ങള് തിയേറ്ററിലേക്ക്! ചെന്ന് കേറി നല്ല പൊരിപ്പന്‍ മഴേം തുടങ്ങി .

അതോണ്ടിപ്പ എന്താ? തിയേറ്ററില്‍ ഇരുന്ന്‍മഴയെ ആര് മൈന്‍ഡ്‌ ചെയ്യുന്ന്!!

പടം തീര്‍ന്നു! മഴേം ... തിരിച്ചു വരും വഴി  ലാലേട്ടന്റെ ഇടീം പൊടീമോക്കെ മനസ്സില് ഇങ്ങനെ തുള്ളിക്കളിക്കുമ്പഴാ ദേ വേറൊരു സന്തോഷവാര്‍ത്തയും ആയിട്ട് ഒരാള് ഓടിക്കിതച്ചു വരുന്നു.

 അച്ഛനോടാ ട്ടോ..  ''ദേ..മഴയത്ത് ങ്ങടെ വീടെല്ലാം കൂടെ ഇടിഞ്ഞു വീണു കിടക്കുന്നൂ !!''
 ശരിക്കും പറഞ്ഞാ എന്റെ കുഞ്ഞു മനസ്സില് ഒരായിരം ലഡ്ഡു അന്നോരുമിച്ചു പൊട്ടി :-)  
അല്ലെത്തന്നെ ആ ഓഞ്ഞ വീട് ആര്‍ക്കു വേണം!  മഴ പെയ്താ പാത്രം വച്ചിട്ട് ബാക്കി ഒള്ള സ്ഥലത്ത് കിടന്നോണം.. കട്ടില് ഒന്നൊള്ളത് രണ്ടു തടിക്കഷണം എടുത്തു നെടുകേം കുറുകേം വച്ചിട്ട് അതിലീ പൊത്താന്‍ വാരിയിടും ഹും !! ഇനി എങ്കിലും അച്ഛന്‍ സിനിമയില്‍ ഒക്കെ കാണുന്ന പോലത്ത റ്റി വി ഒക്കെ ഉള്ള വീട് ഒരെണ്ണം വയ്ക്കുവാരിക്കും. അല്ലാപ്പോ വീട് വയ്ക്കുന്നിടം വരെ താമസിക്കണ്ടായോ !! ?

അച്ഛന്റെ കയ്യീപ്പിടിച്ചു വലിച്ചിട്ട് ..അച്ഛാ അച്ഛാ മ്മക്ക് വീട് വയ്ക്കുന്നിടം വരെ റ്റി വി ഒക്കെയുള്ള ഹോട്ടലില് താമസിക്കാം കേട്ടോ ?? (സിനിമെലോക്കെ വീട് വിട്ടാപ്പിന്നെ ഇങ്ങനുള്ള ഹോട്ടല്‍ റൂം ആണല്ല് എന്താ ഗെറ്റപ്പ് )
 ങേ അച്ഛന്‍ എന്തിനാപ്പോ എന്നേം എടുത്തോണ്ട് ഇങ്ങനെ ഓടുന്നെ !!

സത്യം പറയാമല്ല് സംഗതി ജോറാരുന്നുട്ടോ.. മണ്‍കട്ടേം പടോം മടക്കി ഒരു ഓലകൂമ്പാരോം തെങ്ങും തടീം ഒക്കെ  ധിങ്ങനെ കിടക്കുന്ന കാണാന്‍....  
അന്നെന്റെ സന്തോഷത്തിന് ഒരതിരും ഇല്ലാരുന്നു പുതിയ വീടും അതില്‍ താമസിക്കാന്‍ പോവുന്ന കാര്യവും മാത്രേ ഉള്ളൂ മനസ്സില്‍  പക്ഷെ അതിലും കഷ്ട്ടം പിടിച്ച ഒരു സ്ഥലത്ത് വേണം ഇനീം താമസിക്കാന്‍ എന്നെനിക്ക് അപ്പൊ അറിയില്ലാരുന്നല്ലോ  :-)

 വര്‍ഷങ്ങള്‍ക്കിപ്പുറം ആലോചിക്കുമ്പോ.. അന്ന് വാശിപിടിച്ചു ഞാന്‍ സിനിമ കാണാന്‍ പോയില്ലാരുന്നു എങ്കില്‍!!? അമ്മയേം അനിയനേം അവിടുന്ന് മാറ്റിയില്ലാരുന്നു എങ്കില്‍! !...

അപ്പൊ പറഞ്ഞു വന്നത് ഇത്രേ ഒള്ളൂ നന്ദി ലാലേട്ടാ നന്ദി..

ആരാധിക്കാന്‍ ഇതൊരു  ഒരു കാരണം ആക്ക്യാ ആരേലും തല്ലാന്‍ വരുവോ !! ഇല്ലല്ല് ??? ;-)

Wednesday, 3 April 2013

ആശുപത്രി വിശേഷം

 സ്ഥലം : മൂക്കൊലിപ്പുമായി വരുന്നവന്റെ  നട്ടെല്ലിന്റെ വരെ എക്സ്രെയും പിന്നെ പേര് മനസ്സിലാവാത്ത സായിപ്പന്‍ ഷോട്ട് കട്ടുകള്‍ ഉള്ള കുറെ സ്കാനിങ്ങും ഒക്കെ കൂടി നടത്തി അവസാനം   ബില്ല് കാണിച്ചു ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാക്കി ചില്ലിട്ടു വയ്ക്കുന്ന വിശ്വസ്ത സ്ഥാപനം എന്ന് പേരുദോഷം കൊണ്ട് പേരെടുത്ത നാട്ടിലെ  പ്രധാന ആശുപത്രി.

ചില്ലറ പനിയും തുമ്മലുമായൊക്കെ കുറച്ചു ദിവസം  സുഖവാസം അനുഷ്ട്ടിക്കേണ്ടി വന്നു എനിക്കും അവിടെ. പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ല വന്നതല്ലേ രണ്ടു ദിവസം അവിടെ കിടത്തിയാല്‍ കൊള്ളാം എന്ന് അവര്‍ക്കൊരു തോന്നല്‍.. ഞാനും എതിരൊന്നും പറഞ്ഞില്ല ആഗ്രഹമല്ലേ.
പ്രത്യേകിച്ച് പണിയൊന്നും ചെയ്യണ്ട ആശുപത്രി വരാന്തയിലൂടെ തേരാ പാരാ നടക്കാം  കുണുങ്ങി കുണുങ്ങി വരുന്ന വെള്ളരി പ്രാവുകളോട് അല്‍പ്പം കുശലം(കിട്ടിയാ ഒരു ലോട്ടറി ) ഇതൊക്കെ ആയിരുന്നു എന്റെ മനസ്സിലെ പ്ലാനുകള്‍..

അങ്ങനെ കുത്തി വപ്പും ഞെക്കിനോക്കും വാ പൊളിക്കലും ഒക്കെ കഴിഞ്ഞുള്ള പിറ്റേന്ന് രാവിലെ ഞാന്‍ പരിപാടിയ്ക്കായി ഇറങ്ങി.  മുകള്‍ നിലയിലാണ് ആരോഗ്യാ പരിരക്ഷാ കാര്‍ഡിന്റെ ആനുകൂല്യത്തില്‍  അസുഖം അഭിനയിച്ചു സുഖവാസത്തിനു വന്നവരും കൂട്ടത്തില്‍ യഥാര്‍ത്ഥ രോഗികളും  ഒരുമയോടെ വാഴുന്ന വാര്‍ഡ്‌

അവിടെ ചെറിയൊരു ബഹളം തൂപ്പുകാരി ആണെന്ന് തോന്നുന്നു കുറെ അധികം വെള്ളരി പ്രാവുകള്‍ ഉള്ള ഏരിയാ ആയതുകൊണ്ട് ഞാന്‍ അങ്ങോട്ട്‌ വച്ച് പിടിച്ചു.

കാഴ്ചകള്‍ രസകരമാണ് വെള്ളം ഇറങ്ങാതെ ട്യൂബ് ഇട്ടു കിടക്കുന്നവന്റെ മുന്നിലിരുന്നു മട്ടന്‍ ബിരിയാണി തട്ടുന്നവന്‍, വലിച്ചു വലിച്ചു കണ്ണ് തള്ളി കിടക്കുന്നവന്റെ മുന്നിലിരുന്നു മൊബൈലില്‍ ഡാഡി മമ്മി കേള്‍ക്കുന്നവന്‍,അങ്ങനെ അങ്ങനെ.. രോഗി ആണെങ്കിലും അല്ലെങ്കിലും അധികൃതരുടെ ഭാഗത്ത്‌ നിന്നും വേണ്ട പരിഗണനകള്‍ ഒന്നും അവിടില്ല എന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും.

ഞാന്‍ ഡ്യൂട്ടി റൂം എന്ന എന്റെ ലക്ഷ്യ സ്ഥാനം നോക്കി നടന്നു അവിടെ വഴക്ക് തകര്‍ക്കുന്നു

തൂപ്പുകാരി അമ്മച്ചി  : ങാ ഹാ ഇതൊക്കെ തൂപ്പുകാരിയുടെ പണിയാണെന്ന് വിചാരിച്ചോ ! വേണ്ടപ്പെട്ടവര്‍ ഒക്കെ ഇതിന് മാത്രം കാണത്തില്ലല്ല് എന്നെക്കൊണ്ട് പറ്റത്തില്ല

നേഴ്സ്  : അമ്മച്ചീ പ്ലീസ്‌ ഡോക്ടര്‍ ഇപ്പൊ രൌണ്ട്സിനു വരും എന്നെ നാറ്റിക്കല്ലേ .
                        (വാര്‍ഡിലെ മെയിന്‍ നേര്സ്‌ ആണ് )
വീണ്ടും അമ്മച്ചി : പറ്റില്ല എന്ന് പറഞ്ഞാല്‍ പറ്റില്ല ഇതൊക്കെ വേണേല്‍ നിങ്ങള് ചെയ്തോണം ഹും  ഇല്ലേല്‍ വീട്ടുകാരെ വിളി

കാര്യം അറിയാതെ ഞാന്‍ പൊട്ടന്‍ ആട്ടം കാണുന്ന പോലെ നിന്നാല്‍ ഒക്കുമോ നമ്മുടെ കുട്ടികളല്ലേ ഒന്ന് തിരക്കിയേക്കാം.

ഞാന്‍ : എന്താ സിസ്റ്റര്‍ സംഭവം എന്തെങ്കിലും പ്രശ്നം ഉണ്ടോ?  അറിഞ്ഞിട്ട് ഇപ്പൊ ഇയാള് പരിഹരിക്കുമോ എന്ന മട്ടില്‍ അവരെന്നെ ഒന്ന് നോക്കി. ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ കുറച്ചു അപ്പുറത്ത് ഭിത്തിയിലേക്ക് കൈ ചൂണ്ടി

ഞാന്‍ ഒന്നും മനസ്സിലാവാതെ അങ്ങോട്ട്‌ ചെന്നു ഒരു പത്തടി വച്ച് കാണും  ഭിത്തിയിലെ മനോഹരമായ  ചിത്രപ്പണി കണ്ടു തൃപ്തനായി ഞാന്‍ തിരിച്ചു നടന്നു. പിന്നെ ആ പാവം പിടിച്ച അതുങ്ങളുടെ മുഖത്ത് നോക്കാന്‍ എനിക്ക് പറ്റിയില്ല ഇനി കാര്യത്തിന്റെ പൂര്‍ണ്ണരൂപം അറിഞ്ഞിട്ടേ ബാക്കി കാര്യം ഉള്ളൂ എന്ന് ഞാന്‍ അപ്പൊത്തന്നെ തീരുമാനിച്ചു .

ഡ്യൂട്ടി റൂമിന്റെ മുന്നിലെ കട്ടിലില്‍ കിടന്ന ഒരു മൊബൈലോഫീനിയയെ  ഞാന്‍ സോപ്പിട്ടു അവന്‍ സംഗതി പറഞ്ഞു തന്നു

 ഇന്ന് ഓപ്പറേഷന്‍ കഴിയേണ്ട രോഗികള്‍ മൂന്ന് പേരുണ്ട്  അതില്‍ ഒരു അമ്മാവനും. അമ്മാവന്റെ കൂടുള്ള സഹായി രാത്രി ഏതോ ആവശ്യമായി തിരിച്ചു പോയി  രാവിലെ എത്തുകയേയുള്ളൂ .
 ഓപ്പറേഷനുള്ള തയാറെടുപ്പിന്റെ ഭാഗമായി   നേഴ്സ് മാര്‍ വെളുപ്പിനെ നാല് മണിക്ക് തന്നെ  മൂന്നുപേരെയും വിളിച്ചു ഡ്യൂട്ടി റൂമിനോട് ചേര്‍ന്നുള്ള മറ്റൊരു റൂമില്‍ കയറ്റി . വയറു ശുദ്ധമാകാന്‍ (അതന്നെ എനിമാ ) തകര്‍ത്തു.

മൂന്ന് ടോയ് ലെറ്റ്‌ ആണ് ഉള്ളത്  കുറച്ചു ദൂരം ഉണ്ട് സ്ഥാനത്തേക്ക്  ആദ്യത്തെ രണ്ടുപേരും സംഗതി കിട്ടിയപ്പോഴേ ഒരു കയ്യെടുത്തു ലീക്കിംഗ് പോയന്റ് അടച്ചു കൊണ്ട് ഒറ്റ ഓട്ടം . അമ്മാവന് സംഗതി ക്ലിയര്‍ ആയി വന്നപ്പോഴേക്കും രണ്ടുപേരും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തി . അമ്മാവന്‍ ഏന്തി വലിഞ്ഞു ഒക്കെ അങ്ങ് എത്തിയപ്പോഴേക്കും. അവന്റെ വായി മണ്ണിടാന്‍ എന്ന് അമ്മാവന്റെ തന്നെ വാചകം കടമെടുത്തു പറയാം ഒരു വായിനോക്കി ബാക്കിയുള്ള  ഒന്നിലും കൂടി കേറി കതകടച്ചു കളഞ്ഞു ..

എനിമാ കൊടുത്ത സകല അവളുമാരുടെയും   വീട്ടുകാരെ മുഴുവന്‍  തുമ്മിച്ചു ഊപ്പാട് വരുത്തിയ  അമ്മാവന്‍ കേറി കതകടച്ച തെണ്ടിയെയും വെറുതെ വിട്ടില്ല പക്ഷെ അതുകൊണ്ട് എന്താ ഫലം എല്ലാ വഴികളും അടഞ്ഞു. തുറക്കാന്‍ വെമ്പി നിക്കുന്ന ഒരു വഴി മാത്രം  ലവന്‍ എങ്കിലും ഇങ്ങ് ഇറങ്ങണ്ടെ.അമ്മാവന്റെ മുട്ടിക്കരച്ചില്‍  കേട്ട് ഓടിവന്ന  സിസ്റ്റെര്മാര്‍ എന്ത് വേണം എന്നറിയാതെ തരിച്ചു നില്‍ക്കുന്നു.കൊടുത്തു പോയില്ലേ തിരിച്ചു വലിച്ചെടുക്കാന്‍ പറ്റുമോ ? ആകെ പ്രാന്തിളകിയ അവസ്ഥയില്‍ നില്‍ക്കുന്ന അമ്മാവന്‍ ..ഇനി എന്ത് !!!

കാര്യങ്ങള്‍ കൈവിട്ടു പോവുക തന്നെ ചെയ്തു .
പിന്നെ ഒന്നും നോക്കിയില്ല അമ്മാവന്‍ നല്ല വെള്ള ടയില്‍ ഒട്ടിച്ച ഭിത്തിക്ക് നേരെ തിരിഞ്ഞു നിന്ന്  എറിഞ്ഞൊരു തൂറല്‍ .... എല്ലാം സെക്കണ്ടുകള്‍ക്കുള്ളില്‍ കഴിഞ്ഞു

ആരോട് പരാതി പറയണം എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്ന നേഴ്സ്മാര്‍.,
കിടക്കകള്‍ അധികവും കാലിയായി ഒരുവിധം എഴുന്നേറ്റു നില്ക്കാന്‍ ശേഷിയുള്ള ഒറ്റയെണ്ണത്തിന്റെയും പൊടിച്ച പൊടി പോലും കാണാനില്ല ..എല്ലാം കഴിഞ്ഞപ്പോള്‍ ഇറങ്ങി വന്ന ലവനെ ഒരു അപ്പിപ്രാക്ക് കൂടി പ്രാകി അമ്മാവന്‍ ഉള്ളില്‍ കയറി.

എന്തായാലും കഥ കേട്ട്  പുറത്തിറങ്ങി മതി ചിരിക്കുന്നത്  എന്ന് വിചാരിച്ചു ചിരി അമര്‍ത്തി ഇറങ്ങി നടന്ന എന്നെ  ആ തൂപ്പുകാരിയുടെ ഉച്ചത്തിലുള്ള ഒരു ആത്മഗതം അതിനനുവദിച്ചില്ല

കര്‍ത്താവേ...നിലത്തെങ്ങാനും ആരുന്നേല്‍ ഇച്ചിരി വെള്ളം ഒഴിച്ച് ഇതങ്ങു കളയാമാരുന്നു  ഇതിപ്പോ ഞാന്‍ ഏണി വച്ച് കേറി കഴുകാന്‍  പറ്റുമോ !!!Monday, 18 June 2012

മേരാ അഭിമാന്‍ (കുട്ടുക്കഥ -2)

കുട്ടു എന്ന അപൂര്‍വ്വ വിത്തിന്റെ സ്കൂള്‍ കാലഘട്ടത്തിനു ശേഷം. . അതായത് ഏഴാം ക്ലാസ്സിലെ മലയാളം കേട്ടെഴുത്തിനു തുണ്ടടിച്ചു പിടിക്കപ്പെട്ടു സ്കൂളില്‍ ഫേമസ് ആയ ശേഷം പുസ്തകങ്ങളോടും സാറമ്മാരോടും മല്ലടിച്ച് പല ക്ലാസ്സുകളിലും രണ്ടും മൂന്നും വര്‍ഷത്തെ എക്സ്പീരിയന്സും നേടി ഒന്‍പതാം ക്ലാസ്‌ എന്ന വന്‍ കടമ്പ കടന്നു . പിന്നീട് പഠിക്കാന്‍ പോകില്ല എന്ന് മുന്‍പേ  തീരുമാനിച്ചുറച്ച പ്രകാരം വീട്ടില്‍ തോറ്റു എന്ന കള്ളം പറഞ്ഞ് കള്ളച്ചോറും തിന്നു അടയിരുപ്പ്‌ തുടങ്ങി. സിഗരറ്റ് ശംഭു മുതലായ നിത്യോപയോഗ വസ്തുക്കളുടെ ആവശ്യകത മൂലവും വീട്ടിലെ വഞ്ചിയിലെ കാശ് ഏകദേശം തീരാറായത് കാരണവും ആശാന് പണിക്ക് പോയെ പറ്റൂ എന്ന സാഹചര്യം ആയി.


അങ്ങനെ ഇലട്രിക് വര്‍ക്കിന്റെ ഹെല്‍പ്പര്‍ ആയി ജോലിക്ക് കേറിപ്പറ്റി.  കാശിനു ആവശ്യം വരുമ്പോള്‍ മാത്രം പണിക്ക് പോകും ആവശ്യത്തിന് കാശ്  കിട്ടിയാല്‍ പിന്നെ നാലഞ്ചു ദിവസം കുശാല്‍ ഇങ്ങനെയൊക്കെ സസുഖം  .


കുറച്ചു ദൂരെ ഒരു സ്ഥലത്ത് ഏതോ പണിയുടെ ആവശ്യമായി മൂന്നാല് ദിവസം താമസിക്കേണ്ടി വന്നു നമ്മുടെ കുട്ടുവിന് .ഒരു ഷോപ്പിന്റെ രണ്ടാം നിലയിലെ ഒരു കൊച്ചു മുറിയില്‍  കുട്ടുവും കൂട്ടിനു ഒരു ഹിന്ദിക്കാരന്‍ ചെക്കനും അവന്‍ കുട്ടുവിനെക്കാള്‍ മുതിര്‍ന്നതാണ് . ഹിന്ദി എന്ന് പറഞ്ഞാല്‍ ചന്തി എന്ന് മനസ്സിലാക്കുന്ന കുട്ടുവിനാണെങ്കില്‍ പണ്ടെന്നോ സ്കൂളില്‍ ഹമാര രാഷ്ട്ര ഭാഷ ഹിന്ദി എന്ന് ഏതോ ഒരു ടീച്ചര്‍ പഠിപ്പിച്ച ഒരോര്‍മ്മ അല്ലാതെ ഒരു പിണ്ണാക്കും അറിയില്ല. .


 രാത്രി  മാത്രം ഉള്ള കാര്യമല്ലേ ഉള്ളൂ നേരം വെളുത്താല്‍ രണ്ടെണ്ണവും അവിടെ കാണില്ലല്ലോ  വല്യ മിണ്ടാട്ടം ഇല്ലാതെയും  ആങ്യ ഭാഷയും ഒക്കെയായി സംഭവം അഡ്ജസ്റ്റ്‌ ചെയ്തു അങ്ങനെ പോയി..  കുട്ടുവിന് ഒരു പ്രത്യേക സ്വഭാവം ഉണ്ട് സ്വഭാവം എന്നല്ല അഹങ്കാരം എന്ന് വേണം പറയാന്‍.   രാത്രി മുള്ളലിനു പുറത്തിറങ്ങി പോകുന്ന ശീലമേയില്ല വീട്ടിലാണെങ്കില്‍  ജന്നലില്‍ കൂടിയോ മറ്റോ കാര്യം സാധിചിട്ട് വിശാലമായി വന്നു കിടന്നു ഉറങ്ങും ഇതാണ് പതിവ്. ഇവിടെയും വന്ന അന്ന് തന്നെ അതിനൊരു പോംവഴി കാണാനായി കുട്ടുവിന്റെ പരതല്‍ ജന്നല്‍ ഒന്നും പരുവത്തിന് അങ്ങോട്ട്‌ ഒത്തു വരുന്നില്ല. അവസാനം കണ്ടെത്തി റൂമിനോട് ചേര്‍ന്നുള്ള വരാന്തയില്‍ വെള്ളം പുറത്തേക്കു പോകുന്ന ഒരു പൈപ്പ്‌.  ഇത് ധാരാളം എന്ന് കുട്ടു മനസ്സില്‍ ഉറപ്പിച്ചു  മുള്ളല്‍  സമയം  വരുമ്പോള്‍  കുട്ടു ഉറകച്ചടവില്‍ എണീറ്റ്‌ വരും   കാര്യമായിട്ട് പണി പറ്റിക്കും പോയി കിടന്നു ഉറങ്ങും ഇങ്ങനെ രണ്ടു ദിവസം പോയി.


മൂന്നാം ദിവസം പതിവുപോലെ പണിയും കഴിഞ്ഞു  വന്ന കുട്ടുവും ഹിന്ദി കൂട്ടുകാരനും ശാപ്പാട് ഒക്കെ അടിച്ച്  ഉറക്കത്തിലായി ..പാതിരാത്രി ആയപ്പോള്‍ പതിവുപോലെയുള്ള മൂത്രശങ്ക തീര്‍ക്കാന്‍ ആശാന്‍ പൈപ്പിനടുത്തെക്ക് വന്നു പകുതി ഉറക്കത്തില്‍ തന്നെ ദിന്കൊല്ഫി എടുത്ത് പൈപ്പിനുള്ളില്‍ ഇട്ടു പണി സ്റ്റാര്‍ട്ട്‌ ചെയ്തു .  പിന്നെ അയ്യോ എന്ന ഒരുനിലവിളിയോടെ കുട്ടു പുറകോട്ടു വീണു .


 സംഗതി ഇങ്ങനെ : തണുപ്പ് പറ്റി പൈപ്പിനുള്ളില്‍ ഒളിച്ചിരുന്ന ഒരു  പാറുകാലി ലവനിട്ടൊരു ഉഗ്രന്‍ കീറു കീറി  (പാറുകാലിയുടെ കടി കൊണ്ടിട്ടുള്ളവര്‍ക്ക് അറിയാം അതിന്റെ അരപ്പും വേദനയും അപ്പൊ ലവിടെ ആയാലോ ) തന്റെ അഭിമാനത്തില്‍ തന്നെ എട്ടിന്‍റെ പണി കിട്ടിയല്ലോ ദൈവമേ ആരോട് പറയും? എങ്ങനെ പറയും  ?  എന്തായാലും കുറച്ചു  സമയം ഒക്കെ അവിടെ നിന്നും ഇരുന്നും ഞെരടിയും പിടിച്ചുമൊക്കെ  ഒരു ഗത്യന്തരവും ഇല്ലാതായ കുട്ടു നിലവിളിയോടെ റൂമിലേക്ക്‌ ചെന്നു.


ഇതൊന്നും അറിയാതെ നമ്മുടെ ഹിന്ദി കൂട്ടുകാരന്‍ സുഖ സുഷുപ്തിയില്‍ ആണ്. വേദനയും കലിയും എല്ലാം കൂടി ഭ്രാന്തിന്റെ അവസ്ഥയില്‍ നിന്ന കുട്ടു അവനിട്ടൊരു ചവിട്ടും കൊടുത്ത് എണീപ്പിച്ചു ..എന്നെ ഒന്ന് ആശൂത്രീ കൊണ്ട് പോടാ ദയനീയമായി കുട്ടു അവനോടു കേണു  ..നല്ല ചേലായി അവനുണ്ടോ വല്ലതും മനസ്സിലാവുന്നു പാതിരാത്രി തന്നെ ചവിട്ടി എണീപ്പിച്ചു മുന്‍പില്‍ നിന്ന് കാറുന്ന കുട്ടൂനെ അവന്‍ അമര്‍ഷത്തോടെ നോക്കുകയല്ലാതെ നോ പ്രതികരണം.


ഏതോ സിനിമയില്‍ ഒക്കെ കേട്ട ഓര്‍മ്മയില്‍ കുട്ടു അറിയാവുന്ന ഹിന്ദി ഒക്കെ പുറത്തെടുത്തു നോക്കി ...മേരാ പൈര്‍ . മേരാ പൈര്‍..


എവിടെ!  ഒരു രക്ഷയും ഇല്ല. അന്നാദ്യമായി കുട്ടു ഹിന്ദി പഠിക്കാന്‍ പറ്റാഞ്ഞതിനെഓര്‍ത്തു ദുഖിച്ചു കാണണം .
പിന്നെ ഒന്നും നോക്കിയില്ല ഹിന്ദി അണ്ണന്റെ മുന്നിലേക്ക്‌ ചെന്നു പ്രാണവേദയുടെ അങ്ങേയറ്റത്തെ അവസ്ഥയില്‍ അവന്റെ തന്തയ്ക്കു വിളിച്ചുകൊണ്ട് തന്നെ . മുണ്ടഴിച്ചു അങ്ങ് കാണിച്ചു കൊടുത്തു.
പാറുകാലിയുടെ കിടുക്കന്‍ പ്രയോഗത്തില്‍ അപ്പോഴേക്കും കൊട്ടയിലും കോണാത്തിലും കൊള്ളാത്ത പരുവത്തില്‍ ആയ കുട്ടൂന്റെ അഭിമാനം കണ്ട്  ഹിന്ദി അണ്ണനു തല കറങ്ങി  അവനെ ഇനി താന്‍  വെള്ളം തളിച്ച് ഉണര്‍ത്തേണ്ടി വരും എന്ന് തോന്നി കുട്ടുവിന്.   ബാക്കി ഭാഗം തെറിയിലൂടെയും  ആങ്യത്തിലൂടെയും ഒക്കെ  ഏകദേശം  മനസ്സിലാക്കിയ ഹിന്ദിഅണ്ണന്‍ കുട്ടുവിനെ പൊക്കി ആശുപത്രിയില്‍ എത്തിച്ചു.


എന്തായാലും അകത്തു നിന്നും  പുറത്തോട്ടുള്ള ഇവന്റെ മൂത്ര ശങ്ക തീര്‍ക്കലിനു ഒരു അറുതി ആയെന്നാണ് പിന്നീട് കേട്ടത്. 


വിവരക്കേടും അഹങ്കാരവും ഒന്നിച്ചു വന്നുപോയാല്‍ എന്താ ചെയ്യുക !! :)